തേയില കയറ്റുമതിയിൽ കുതിച്ചുയർന്ന് ഇന്ത്യ ; 2025 ൽ കയറ്റി അയച്ചത് 28 കോടി കിലോ തേയില


മുംബൈ :- തേയില കയറ്റുമതിയിൽ കഴിഞ്ഞവർഷം ഇന്ത്യക്ക് ചരിത്രനേട്ടം. 2025-ൽ രാജ്യത്തുനിന്ന് കയറ്റി അയച്ചത് 28 കോടി കിലോ തേയില. ചരിത്രത്തിലാദ്യമായാണ് ഇത്രയും തേയില ഇന്ത്യയിൽ നിന്ന് കയറിപ്പോകുന്നതെന്ന് ടീ ബോർഡ് ഓഫ് ഇന്ത്യ പറയുന്നു. അമേരിക്ക, റഷ്യ എന്നീ രാജ്യങ്ങളിലേക്ക് കയറ്റുമതി കുറഞ്ഞെങ്കിലും ഇറാൻ, ഇറാഖ്, ചൈന എന്നിവിടങ്ങളിൽ ആവശ്യം കൂടിയതാണ് ഇന്ത്യക്കുനേട്ടമായത്. തുർക്കിയുമായി അസ്വാരസ്യം നിലനിൽക്കുന്നതിനിടയിലും തേയില കയറ്റുമതി ഉയർന്നതായും ടീ ബോർഡ് വ്യക്തമാക്കുന്നു.

ടീ ബോർഡിന്റെ പ്രാഥമിക കണക്കനുസരിച്ച് 2025 ജനുവരി-ഡിസംബർ കാലയളവിൽ 28 കോടി കിലോ തേയില ഇന്ത്യയിൽ നിന്ന് കയറ്റിയയച്ചു. 2024-ൽ ഇത് 25.62 കോടി കിലോയായിരുന്നു. 9.23 ശതമാനമാണ് വളർച്ച. കയറ്റുമതി വരുമാനം 2024-ലെ 7,167.41 കോടിയിൽ നിന്ന് 8,488.43 കോടി രൂപയായാണ് കൂടിയത്. 18.43 ശതമാനം വരെയാണ് നേട്ടം. 

ഇറാഖിലേക്ക് 5.26 കോടി കിലോയാണ് 2025-ൽ ഇന്ത്യ കയറ്റിയയച്ചത്. 2024 ജനുവരി-ഡിസംബർ കാലയളവിലിത് 4.05 കോടി കിലോയായിരുന്നു. യു.എ.ഇ.യിലേക്ക് മുൻവർഷത്തെ 4.35 കോടി കിലോയിൽ നിന്ന് 5.07 കോടി കിലോയായും ഇറാനിലേക്ക് 92.5 ലക്ഷം കി ലോയിൽനിന്ന് 1.13 കോടി കിലോയായും ഉയർന്നു. യു.എ.ഇ വഴിയാണ് ഇറാനിലേക്ക് തേയില കൂടുതലായും പോകുന്നത്. ചൈനയിലേക്കുള്ള കയറ്റുമതിയിൽ ഇത്തവണ ഗണ്യമായ വർധനയുണ്ടായി.

മുൻവർഷത്തെ 62.4 ലക്ഷം കിലോയിൽ നിന്ന് 1.61 കോടി കിലോയായാണിതു കൂടിയത്. അമേരിക്കയിലേക്കുള്ള കയറ്റുമതിയിലെ ഇടിവ് ചൈനയിലെ നേട്ടത്തിലൂടെ പരിഹരിക്കാനായി. അമേരിക്കയിലേക്കുള്ള കയറ്റുമതി 1.71 കോടി കിലോയിൽ നിന്ന് 1.52 കോടി കിലോയായാണ് കുറഞ്ഞത്. അമേരിക്കയുമായുള്ള വാണിജ്യക്കരാർ ഇന്ത്യൻ തേയിലയ്ക്ക് ഗുണകരമാകുമെന്നാണ് ടീ ബോർഡിന്റെ പ്രതീക്ഷ.

Previous Post Next Post