അമേരിക്ക - ഇസ്രയേൽ ആക്രമണം ; ഇറാനിലെ 36 പെൺകുട്ടികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്


ടെഹ്റാൻ :- അമേരിക്കയും ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ പശ്ചിമേഷ്യ യുദ്ധക്കളമായി. രാവിലത്തെ ആക്രമണത്തിനുള്ള ഇറാൻ്റെ അതിശക്ത തിരിച്ചടിക്ക് പിന്നാലെ അമേരിക്കൻ ഇസ്രയേൽ സംയുക്ത ആക്രമണം വീണ്ടും തുടങ്ങിയതോടെ സാഹചര്യം അതിരൂക്ഷമായിരിക്കുകയാണ്. തെക്കൻ ഇറാനിലെ അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തിൽ 36 പെൺകുട്ടികൾ കൊല്ലപ്പെട്ടതായാണ് വിവരം. അമേരിക്കൻ - ഇസ്രയേൽ മിസൈൽ പതിച്ചത് പെൺകുട്ടികളുടെ സ്കൂളിലാണെന്നും 36 വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടെന്നും ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

രാവിലെ നടന്ന ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ഓഫീസ് അടക്കം ആക്രമിക്കാൻ ലക്ഷ്യമിട്ടിരുന്നു. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയന്റെ വസതിക്ക് നേരെയും ആക്രമണ ശ്രമമുണ്ടായി. മുൻ ഇറാൻ പ്രസിഡന്റ് അഹ്മദി നജാദിനെയും ഇസ്രായേൽ ലക്ഷ്യമിട്ടു എന്നും വിവരമുണ്ട്. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഈ ആക്രമണങ്ങൾ ക്രൂരമാണെന്നും എന്നാൽ ശത്രുക്കൾക്ക് മുന്നിൽ തലകുനിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. യുദ്ധം ഒഴിവാക്കാൻ തങ്ങൾ എല്ലാ ശ്രമങ്ങളും നടത്തിയെന്നും എന്നാൽ ഇപ്പോൾ പ്രത്യാക്രമണം അനിവാര്യമായിരിക്കുകയാണെന്നും ഇറാൻ ഭരണകൂടം അറിയിച്ചു. ഗൾഫ് മേഖലയിലുടനീളം യുദ്ധം വ്യാപിക്കുന്ന സാഹചര്യത്തിൽ അതീവ ഗുരുതരമായ സുരക്ഷാ ഭീഷണിയാണ് നിലനിൽക്കുന്നത്.

Previous Post Next Post