ന്യൂഡൽഹി :- നിർമിതബുദ്ധി (എ.ഐ) ഉപയോഗിച്ചും മറ്റും സൃഷ്ടിക്കുന്ന ഡീപ്ഫെയ്ക്ക് വീഡിയോയും ചിത്രങ്ങളും നീക്കണമെന്ന അധികൃതരുടെ ഉത്തരവ് ലഭിച്ചാൽ അവ മൂന്നുമണിക്കൂറിനകം നീക്കണമെന്ന് കേന്ദ്രസർക്കാർ . യഥാർഥമെന്ന് തോന്നിപ്പിക്കും വിധമുള്ള ചിത്രങ്ങളും വീഡിയോകളും ശബ്ദങ്ങളും കൃത്രിമമായി സൃഷ്ടിച്ചതാണെങ്കിൽ അക്കാര്യം എഴുതിക്കാണിക്കണം. എ.ഐ ഉള്ളടക്കം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇവയുൾപ്പെടെയുള്ള നിർദേശങ്ങളടങ്ങുന്ന ചട്ടം കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തു. ഈ മാസം 20-ന് നിലവിൽവരും. 2025 ഒക്ടോബറിലിറക്കിയ കരട് ചട്ടങ്ങളെക്കാൾ കർശനമാണ് അന്തിമചട്ടങ്ങൾ. സർക്കാർ ചുമതലപ്പെടുത്തിയ, ഡി.ഐ. ജിയിൽ കുറയാത്ത റാങ്കുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ഉത്തരവ് ലഭിച്ചാൽ കൃത്രിമ ഉള്ളടക്കങ്ങൾ നീക്കാൻ 36 മണിക്കൂറാണ് ഫെയ്‌സ്ബുക്ക്, എക്സ്, ഇൻസ്റ്റഗ്രാം തുടങ്ങിയ ഇടനിലക്കാർക്ക് കരടിൽ പറഞ്ഞിരുന്നത്. ഇതാണ് മൂന്നുമണിക്കൂറാക്കിയത്.
മൂന്നു മാസത്തിലൊരിക്കലെങ്കിലും ഡിജിറ്റൽ ഇടനിലക്കാർ തങ്ങളുടെ ഉപയോക്താക്കൾ ക്ക് ഇതുസംബന്ധിച്ച് അറിയിപ്പു നൽകണം. ഭാരതീയ നാഗരിക സുരക്ഷാ സംഹിതയുടെ 46, പോക്സോ നിയമത്തിലെ 32 എന്നീ വകുപ്പുകളുടെ ലംഘനംകണ്ടാൽ അധികൃതരെ ഇടനിലക്കാർ വിവരമറിയിക്കണം. എ.ഐ ഉപയോഗിച്ചോ അൽഗൊരിതത്തിൽ മാറ്റം വരുത്തിയോ സൃഷ്ടിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടെയുള്ള ഉള്ളടക്കങ്ങൾ എന്നാണ് കരടുചട്ടത്തിൽ പറഞ്ഞിരുന്നത്. എന്നാൽ, അന്തിമചട്ടത്തിൽ ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങൾ എന്നതിനാണ് ഊന്നൽ നൽകിയിരിക്കുന്നത്. 2021 ഫെബ്രുവരിയിലാണ് ഐ.ടി ചട്ടങ്ങൾ ആദ്യം കൊണ്ടുവന്നത്. പിന്നീട് 2022 ഒക്ടോബറിലും 2023 ഏപ്രിലിലും ചട്ടത്തിൽ ഭേദഗതികൾ കൊണ്ടുവന്നു.
