തലശ്ശേരി :- തലശ്ശേരി സബ് ആർടി ഓഫിസിൽ വിജിലൻസ് പരിശോധനയിൽ ഒട്ടേറെ ക്രമക്കേടുകൾ കണ്ടെത്തി. ഡ്രൈവിങ് ടെസ്‌റ്റിൽ സർക്കാരിലേക്ക് ലഭിക്കേണ്ട വൻ തുക ഡ്രൈവിങ് സ്‌കൂളുകാരും മോട്ടർ വെഹിക്കിൾ ഉദ്യോഗസ്ഥ്‌ഥരും തമ്മിലുള്ള ഒത്തുകളി മൂലം ലഭിക്കാതെ പോകുന്നതായി കണ്ടെത്തി. കൂടുതൽ അന്വേഷണത്തിന് ശേഷം കേസ് റജിസ്റ്റർ ചെയ്യാനാണ് വിജിലൻസിന്റെ നീക്കം. സർക്കാർ ഉത്തരവു പ്രകാരം ഒരു മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് ഒരു ദിവസം 40 ഡ്രൈവിങ് ടെസ്റ്റുകളാണ് നടത്തേണ്ടത്.
2 എംവിഐമാരുള്ള തലശ്ശേരിയിൽ 80 ടെസ്‌റ്റുകളാണ് നടത്തേണ്ടതെന്നിരിക്കേ പരിധിയിൽ കവിഞ്ഞും ടെസ്‌റ്റുകൾ നടത്തിയതായി കണ്ടെത്തി. അധികം നടത്തിയ ടെസ്റ്റുകളിൽ തോറ്റവരെ, ഹാജരായില്ലെന്ന് കാണിച്ച് രേഖയിൽ അവരുടെ ഒപ്പ് വൈറ്റ്നർ ഉപയോഗിച്ചു മായ്ച്ചു കൃത്രിമം നടത്തിയതും ഉദ്യോഗസ്‌ഥർ കണ്ടെത്തി. പരാജയപ്പെടുന്നവർ വീണ്ടും ടെസ്‌റ്റിൽ പങ്കെടുക്കുന്നതിന് 300 രൂപ വീതം ഫീസ് അടയ്ക്കണം. ഇത്തരത്തിൽ അപേക്ഷകർ അടയ്ക്കുന്ന ഫീസ് ഹാജരില്ലെന്നു കാണിച്ചതുമൂലം സർക്കാരിലേക്ക് ലഭിക്കുന്നില്ല.
സംശയം തോന്നിയ വിജിലൻസ് ഉദ്യോഗസ്‌ഥർ ആബ്‌സന്റ്റായി കാണിച്ച അപേക്ഷകരെ ഫോണിൽ ബന്ധപ്പെട്ടതിൽ ടെസ്‌റ്റ് ദിവസം തങ്ങൾ ഹാജരായി പങ്കെടുത്തതായും പരാജയപ്പെട്ടതായും അറിയിച്ചു. ഇതോടെയാണ് ഡ്രൈവിങ് സ്‌കൂൾ അധികൃതരും മോട്ടർ വെഹിക്കിൾ ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളി വ്യക്‌തമായത്. ക്രമക്കേടുകളുടെ വ്യാപ്തി കണ്ടെത്തുന്നതിന് വരും ദിവസങ്ങളിലും കൂടുതൽ അന്വേഷണം തുടരുമെന്ന് വിജിലൻസ് അധികൃതർ അറിയിച്ചു.
