ഗുരുവായൂർ :- ഗുരുവായൂർ ക്ഷേത്രത്തിൽ സുഗമമായ ദർശനത്തിന് 'ഫെയ്സ് ആപ് ' ഡിജിറ്റൽ സംവിധാനം ഉടൻ നടപ്പിലാകും. മണിക്കൂറുകൾ വരിനിൽക്കേണ്ടി വരുന്ന ഇപ്പോഴത്തെ സ്ഥിതിക്ക് പാടെ മാറ്റം വരുന്ന സംവിധാനമാണിത്. ഇതിനായി വിവിധ ഏജൻസികൾ ഗുരുവായൂർ ദേവസ്വത്തെ സമീപിച്ചുതുടങ്ങി. തിങ്കളാഴ്ച തന്നെ നാലു കമ്പനികളാണ് ബന്ധപ്പെട്ടത്. ഈ സംവിധാനം ദേവസ്വം ഭരണസമിതിക്കു മുൻപിൽ അവതരിപ്പിച്ചു കാണിക്കുന്നതിന് ഏജൻസികളെ ഉടനെ വിളിക്കുമെന്ന് അഡ്മിനിസ്ട്രേറ്റർ ഒ.ബി അരുൺകുമാർ അറിയിച്ചു.
ക്ഷേത്രനടയിൽ വിവിധയിടങ്ങളിൽ ഫെയ്സ് ആപ് കൗണ്ടറുകൾ. അവിടെ സ്കാനറിൽ മുഖം കാണിച്ചാൽ ആളെ തിരിച്ചറിയുന്ന വിധമുള്ള ടോക്കൺ ലഭിക്കും. അതിൽ ദർശനസമയം ഉണ്ടാകും. ഭക്തർ വരിനിൽക്കുന്ന കേന്ദ്രം 12 കംപാർട്ടുമെന്റുകളായി തിരിക്കും. ആദ്യത്തേത് ഒന്നു മുതൽ 200 പേർക്ക്. രണ്ടാമത്തേത് 200 മുതൽ 400 വരേയും. ഭക്തർക്ക് ലഭിക്കുന്ന ടോക്കൺ നമ്പറുകൾ കംപാർട്ട്മെന്റുകളിൽ തെളിയും. അതനുസരിച്ചു മാത്രം പ്രവേശിച്ചാൽ മതി. കൂടാതെ, എത്രപേർ ദർശനം നടത്തിയെന്ന് കണക്ക് ലഭിക്കും. ആളെ തിരിച്ചറിയാൻ കഴിയുമെന്നതുകൊണ്ട് സുരക്ഷാ സംവിധാനവും മികച്ചതാകും. പോലീസും ഇതിന് നല്ല പിന്തുണയാണ് നൽകുന്നത്.
ക്ഷേത്രത്തിൽ സാധാരണ ദിവസം ദർശനത്തിനെത്തുന്നത് 30,000 പേർ എന്നാണ് കണക്ക്. അവധി ദിവസങ്ങളിൽ 50,000 മുതൽ 60,000 വരെ. ചോറൂൺ വഴിപാട് ദിവസവും ശരാശരി 500-നും 700-നുമിടയിൽ. ഏകാദശി, ഉത്സവം, അഷ്ടമി രോഹിണി തുടങ്ങിയ വിശേഷാവസരങ്ങളിൽ ദർശനത്തിനുള്ള ഭക്തരുടെ എണ്ണം പ്രതിദിനം ഒരു ലക്ഷത്തോളമാകും. കല്യാണങ്ങൾ സാധാരണ ദിവസങ്ങളിൽ 40 മുതൽ 50 വരേയാണ്. ചിങ്ങം, മകരം, മേടം തുടങ്ങിയ മാസങ്ങളിൽ ദിവസവും നൂറോളം കല്യാണങ്ങൾ. ആ മാസങ്ങളിലെ ഞായറാഴ്ചകളിലാണെങ്കിൽ 100-നും 150-നുമിടയിൽ കല്യാണങ്ങളുണ്ടാകും.
കഴിഞ്ഞ വർഷം ചിങ്ങത്തിൽ ഒരു ദിവസം 350 എണ്ണം വരെ നടന്നിട്ടുണ്ട്. ഈ മാസം എട്ടിന് 250 കല്യാണങ്ങൾ ശീട്ടാക്കിയിട്ടുണ്ട്. ദർശനത്തിനും കല്യാണത്തിനും എത്തുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിക്കുന്ന സാഹചര്യത്തിൽ ഫെയ്സ് ആപ് പോലുള്ള സംവിധാനങ്ങൾ അനിവാര്യമാണിവിടെ. നാലോ അഞ്ചോ മണിക്കൂറുകൾ വരിനിൽക്കുന്ന പഴഞ്ചൻ ഏർപ്പാടിന് മാറ്റം വേണമെന്നത് പൊതു ആവശ്യമാണ്.
