മലപ്പട്ടം:-പയ്യാവൂർ ശിവക്ഷേത്രം ഊട്ടുത്സവത്തിന്റെ ഭാഗമായുള്ള ചൂളിയാട് ദേശവാസികളുടെ ഓമനക്കാഴ്ച ഇന്ന് നടക്കും.ചൂളിയാട് തടത്തിൽക്കാവ്, ചമ്പോച്ചേരി മടപ്പുരയ്ക്കൽ, നല്ലൂർ, തൈവളപ്പ് എന്നിവിടങ്ങളിലെ കുഴികളിൽ പഴുക്കാൻ വച്ച അടുക്കൻ വാഴക്കുലകൾ ശനിയാഴ്ച രാവിലെ പുറത്തെടുത്ത് കുഴികൾക്ക് സമീപമുള്ള പന്തലുകളിൽ തയ്യാറാക്കിവച്ചു.
വ്രതശുദ്ധിയോടെ ചൂളിയാട് ദേശവാസികൾ ഞായറാഴ്ച രാവിലെ പത്തിന് തടത്തിൽ കാവിൽ നിന്ന് പഴക്കുലയുമേന്തി പയ്യാവൂരിലേക്ക് പുറപ്പെടും.നഗ്നപാദരായി 18 കിലോമീറ്ററോളം നടന്നാണ് കാഴ്ച കുലകളുമായി ഭക്തർ പയ്യാവൂർ ശിവക്ഷേത്രത്തിൽ എത്തുന്നത്. പുലർച്ചെ പയ്യാവൂർ ക്ഷേത്രത്തിൽ നിരവധി നെയ്യമൃത് മഠങ്ങളിൽ വ്രതശുദ്ധിയോടെ കഴിയുന്നവരുടെ നെയ്യൊപ്പിക്കലും നടക്കും.
വൈകീട്ട് നാലിന് ഓമനക്കാഴ്ച പയ്യാവൂർ ക്ഷേത്രത്തിലെത്തും. ഓമനക്കാഴ്ച ക്ഷേത്രത്തിൽ സമർപ്പിക്കുന്നതോടെ കാളപ്പുറത്ത് അരിയുമായി എത്തിയ കുടകർ മടങ്ങും. തിങ്കളാഴ്ച ഉച്ചയ്ക്ക് നെയ്യമൃതുകാരുടെ അടീലൂണ് നടക്കും. തുടർന്ന് ഇവർ വീടുകളിലേക്ക് മടങ്ങുകയും ചെയ്യും. ഉത്സവം 24-ന് സമാപിക്കും.
