അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ ; സ്തംഭിക്കുന്ന മേഖലകളിൽ ഇവയാണ്


തിരുവനന്തപുരം :- കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും. ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി പുനഃസ്‌ഥാപിക്കുക, കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, വൈദ്യുതി നിയമഭേദഗതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. സിപിഎം, സിപിഐ അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും കർഷകത്തൊഴിലാളി സംഘടനകളും സർക്കാർ-അധ്യാപക സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുമെന്നു സിഐടിയു അഖിലേന്ത്യാ സെക്രട്ടറി എളമരം കരീം പറഞ്ഞു.

അവശ്യസർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയതായും ബലപ്രയോഗമോ അക്രമമോ ഉണ്ടാകില്ലെന്നും അറിയിച്ചു. ഐഎൻടിയുസി കേരളത്തിൽ പ്രത്യേകമായാണ് പണിമുടക്കുകയെന്നു സംസ്‌ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ പറഞ്ഞു. പണിമുടക്കിൽ ബിഎംഎസ് പങ്കെടുക്കുന്നില്ല. ഷോപ്പിങ് മാളുകൾ, സ്പെഷൽ ഇക്കണോമിക് സോൺ അടക്കമുള്ളവ സ്‌തംഭിക്കും. പാൽ, പ്രതം, ആശുപത്രി, മരുന്ന് ഷോപ്പുകൾ, ഫയർ ആൻഡ് റെസ്ക്യൂ, ആംബുലൻസ് തുടങ്ങിയ അത്യാവശ്യ സർവീസൊഴിച്ച് മറ്റെല്ലാ മേഖലയിലെയും, തൊഴിലാളികൾ പണിമുടക്കുമെന്ന് തൊഴിലാളി യൂണിയനുകൾ പറയുന്നു. വ്യവസായ - കാർഷിക വാണിജ്യ - വ്യാപാര മേഖലകൾ പൂർണമായി നിശ്ചലമാകും. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കും. മോട്ടർ വാഹനങ്ങൾ നിരത്തിൽ ഇറങ്ങില്ല.

സംസ്‌ഥാന സർക്കാർ ജീവനക്കാരും അധ്യാപക സംഘടനകളും ബാങ്ക്, ഇൻഷുറൻസ്, പ്രതിരോധം, റയിൽവേ, തുറമുഖം, വ്യോമയാന രംഗത്തെ ജീവനക്കാരും, അനുബന്ധ കരാർ തൊഴിലാളികളും പണിമുടക്കിനെ പിന്തുണയ്ക്കുമെന്ന് തൊഴിലാളി യൂണിയനുകൾ പറയുന്നു. ഓട്ടോ, ബസ്, കാർ, ലോറി തുടങ്ങി മോട്ടർ തൊഴിലാളികൾ, ഷോപ്പ് എംപ്ലോയീസ്, മത്സ്യവിപണനം വിതരണ രംഗം, വഴിയോര കച്ചവട തൊഴിലാളികൾ, പ്രസ് ജീവനക്കാർ, സ്കീം വർക്കർമാർ, നിർമാണം, കയറ്റിറക്ക്, ഗിഗ് പ്ലാറ്റ് ഫോം എന്നിവയിലെ തൊഴിലാളികൾ പണിമുടക്കും.


Previous Post Next Post