തിരുവനന്തപുരം :- സംസ്‌ഥാനത്ത് പകൽ താപനില സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നനിലയിൽ, മുൻ കാലങ്ങളിൽ വേനൽക്കാലത്തു മാത്രം നേരിട്ടിരുന്ന കഠിനമായ ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ഈ മാസം 2ന് കണ്ണൂർ വിമാനത്താവളത്തിൽ രേഖപ്പെടുത്തിയ 37 ഡിഗ്രി സെൽഷ്യസ് ഇതേസമയത്തു രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന താപനിലയിൽ ഒന്നായിരുന്നു. പല ജില്ലകളിലും ശരാശരിയെക്കാൾ 4 ഡിഗ്രി വരെ അധികം ചൂടാണ് അനുഭവപ്പെട്ടത്.
കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂർ ജില്ലകളിൽ രാത്രികാല താപനിലയും കൂടുതലായിരുന്നു. കനത്ത ചൂടിൽ തുടർച്ചയായി വെയിൽ ഏൽക്കുന്നതും ജോലി ചെയ്യുന്നതും ശാരീരിക അസ്വസ്‌ഥതകൾക്ക് ഇടയാക്കും. വായുവിലെ ഉയർന്ന ഈർപ്പമാണ് ചൂടിനെ അപകടകരമാക്കുന്നത്. ഉയർന്ന ഈർപ്പം കാരണം അനുഭവപ്പെടുന്ന ചൂട് യഥാർഥ താപനിലയെക്കാൾ 5 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരിക്കും. വിയർപ്പ് ബാഷ്പീകരിക്കാത്തതിനാൽ ശരീരം തണുക്കാൻ വൈകുന്നതാണ് അസ്വസ്ഥതയ്ക്കു കാരണം.
ശക്തിയേറിയ വെയിൽ അൾട്രാ വയലറ്റ് സൂചിക ഉയരാൻ ഇടയാക്കും. വരും മാസങ്ങളിലും കഠിനമായ ചൂടിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് ഇന്നും പകൽച്ചൂട് ഏറിയിരിക്കും. ഒറ്റപ്പെട്ട ഇടങ്ങളിൽ - നേരിയ മഴയ്ക്കു സാധ്യത. 40 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്. ഭൗമ താപനിലയിലെ വർധന യ്ക്കൊപ്പം പ്രാദേശികമായ പ്രതിഭാസങ്ങളും ചൂടു കൂടുന്നതിന് കാരണമായി വിദഗ്‌ധർ ചൂണ്ടി ക്കാട്ടുന്നു. സമുദ്രജലത്തിലെ താപനില ഉയർത്തുന്ന 'എൽ നിനോ' പ്രതിഭാസം കേരളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മഴ കുറയാനും വരണ്ട കാലാവസ്‌ഥയ്ക്കും ഇടയാക്കിയിട്ടുണ്ട്. കടൽ ക്കാറ്റിന്റെ ശക്തി കുറഞ്ഞതു തീരദേശ മേഖലകളിലും കനത്ത ചൂടിനു കാരണമായിട്ടുണ്ട്.
