ഇന്ത്യൻ പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനെതിരെ സുപ്രീംകോടതി ശക്തമായ മുന്നറിയിപ്പ് നൽകി വാട്ട്സ്ആപ്പിന്റെയും മെറ്റാ പ്ലാറ്റ്ഫോമുകളുടെയും 2021 ലെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട കേസിലാണ് കോടതി രൂക്ഷ വിമർശനം നടത്തിയത്. ഇന്ത്യക്കാരുടെ സ്വകാര്യതയുടെ അവകാശം ലംഘിക്കാൻ ഒരു അന്താരാഷ്ട്ര ടെക് കമ്പനിക്കും അനുവാദമില്ലെന്ന് കോടതി വ്യക്തമാക്കി.
വാട്ട്സ്ആപ്പിന്റെ സ്വകാര്യതാ നയം ഇന്ത്യയിലെ ഉപയോക്താക്കളെ “എടുക്കുക അല്ലെങ്കിൽ വിടുക" എന്ന അവസ്ഥയിലേക്കാണ് തള്ളിയതെന്ന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (CCI) കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മെറ്റാ പ്ലാറ്റ്ഫോമുകൾക്ക് 213.14 കോടി രൂപ പിഴ ചുമത്തുകയും, ഉപയോക്തൃ ഡാറ്റ മറ്റ് മെറ്റാ സ്ഥാപനങ്ങളുമായി പങ്കിടുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഈ ഉത്തരവിനെതിരെ മെറ്റയും വാട്ട്സ്ആപ്പും നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ചു. എൻസിഎൽഎടി പിഴ ശരിവച്ചെങ്കിലും ചില നിയന്ത്രണങ്ങൾ നീക്കുകയായിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ സുപ്രീം കോടതിയിൽ അപ്പീൽ എത്തിയിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്‌ചി, ജസ്റ്റിസ് വിപുൽ പഞ്ചോളി എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. അപ്പീൽ സ്വീകരിച്ചെങ്കിലും, വാട്ട്സ്ആപ്പിന്റെ്റെ സ്വകാര്യതാ നയം കോടതി കടുത്ത ഭാഷയിൽ ചോദ്യം ചെയ്തു. “ഈ രാജ്യത്തിന്റെ അവകാശങ്ങളുമായി നിങ്ങൾക്ക് കളിക്കാൻ കഴിയില്ല. ഇന്ത്യക്കാരുടെ ഒരു വിവരവും ദുരുപയോഗം ചെയ്യാൻ ഞങ്ങൾ അനുവദിക്കില്ല,” എന്ന് ചീഫ് ജസ്റ്റിസ് തുറന്നടിച്ചു.
വാട്ട്സ്ആപ്പ് ഇന്ത്യയിൽ കുത്തകയായതിനാൽ ഉപയോക്താക്കൾക്ക് യഥാർത്ഥത്തിൽ മറ്റൊരു മാർഗമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സ്വകാര്യതാ നയത്തിൽ നിന്ന് ഒഴിവാകാൻ ഉപയോക്താവിന് ഓപ്ഷൻ ഉണ്ടെന്ന മെറ്റയുടെ വാദത്തെ കോടതി അംഗീകരിച്ചില്ല. "തെരുവിൽ പഴം വിൽക്കുന്ന ഒരു സ്ത്രീക്ക് ഈ നിബന്ധനകൾ മനസ്സിലാകുമോ? വീട്ടുജോലിക്കാരന് ഇതിന്റെ അർത്ഥം പിടിക്കുമോ?" എന്ന ചോദ്യത്തിലൂടെ, സാധാരണക്കാർക്ക് ഗ്രഹിക്കാൻ കഴിയാത്ത നയങ്ങൾ അംഗീകരിക്കാൻ നിർബന്ധിക്കുന്നത് സ്വകാര്യതാ അവകാശത്തിന്റെ ലംഘനമാണെന്ന് കോടതി വ്യക്തമാക്കി.
ഉപയോക്താക്കളുടെ ഡാറ്റ പരസ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനെക്കുറിച്ചും കോടതി ഗൗരവമായ ആശങ്ക രേഖപ്പെടുത്തി. ആളുകളുടെ പെരുമാറ്റ പ്രവണതകൾ വിശകലനം ചെയ്ത് ലക്ഷ്യമിട്ട പരസ്യങ്ങൾ കാണിക്കുന്ന രീതിയെക്കുറിച്ച് വിശദമായി പരിശോധിക്കുമെന്ന് ജസ്റ്റിസ് ബാഗി പറഞ്ഞു. “ഡാറ്റ വിൽക്കുന്നില്ലെങ്കിലും, അത് വാണിജ്യമായി ചൂഷണം ചെയ്യപ്പെടുകയാണ്." എന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
വാട്ട്സ്ആപ്പ് സന്ദേശങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആണെന്നും സന്ദേശങ്ങളുടെ ഉള്ളടക്കം കമ്പനി കാണുന്നില്ലെന്നും മെറ്റയുടെ അഭിഭാഷകർ വാദിച്ചു. എന്നാൽ സന്ദേശങ്ങളുടെ ഉള്ളടക്കം അല്ല, മറിച്ച് ഉപയോക്തൃ ഡാറ്റ എങ്ങനെ കോടതിയുടെ പ്രധാന ആശങ്കയെന്ന് ഉപയോഗിക്കുന്നു എന്നതാണ് ബെഞ്ച് വ്യക്തമാക്കി. ഓരോ ഡാറ്റക്കും മൂല്യമുണ്ടെന്നും, ആ മൂല്യം എങ്ങനെ ഉപയോഗിച്ച് ലാഭം കണ്ടെത്തുന്നു എന്നതും പരിശോധിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ ഉപയോഗിക്കില്ലെന്ന് വ്യക്തമായ ഉറപ്പ് നൽകിയില്ലെങ്കിൽ കേസ് തുടരില്ലെന്നും കോടതി മുന്നറിയിപ്പ് നൽകി. മെറ്റയും വാട്ട്സ്ആപ്പും അവരുടെ പ്രവർത്തനങ്ങൾ വിശദീകരിച്ച് സത്യവാങ്മൂലം സമർപ്പിക്കാമെന്ന് അറിയിച്ചതോടെ, കോടതി അതിന് അനുമതി നൽകി കേസ് അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി. കൂടാതെ, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തെയും കേസിൽ കക്ഷിയാക്കി.
ഇന്ത്യയിൽ ഡാറ്റ സ്വകാര്യത, ഉപയോക്ത അവകാശങ്ങൾ, വലിയ ടെക് കമ്പനികളുടെ പ്രവർത്തനം എന്നിവയെ സംബന്ധിച്ച് നിർണായകമായ നിയമപരമായ ഇടപെടലായാണ് ഈ കേസ് വിലയിരുത്തപ്പെടുന്നത്. സുപ്രീംകോടതിയുടെ അന്തിമ തീരുമാനം രാജ്യത്തെ ഡിജിറ്റൽ ലോകത്തിൻ്റെ ഭാവി തന്നെ നിർണ്ണയിച്ചേക്കും.
