വിദ്യാർത്ഥികളുടെ പഠനഭാരം കുറയ്ക്കുന്നു ; SSLC പരീക്ഷയ്ക്കുള്ള പ്രധാന പാഠഭാഗങ്ങൾ പരസ്യപ്പെടുത്തി


തിരുവനന്തപുരം :- പുതിയ സ്കൂൾ പാഠ്യപദ്ധതി കുട്ടികൾക്ക് ഭാരമായെന്ന് പരാതി വ്യാപകമായതോടെ പത്താം ക്ലാസ് പരീക്ഷയ്ക്ക് ചോദിക്കുന്ന പാഠഭാഗങ്ങൾ പൊതുവിദ്യാഭ്യാസവകുപ്പിനുകീഴിലെ എസ്.സി.ഇ.ആർ.ടി പരസ്യപ്പെടുത്തി. ഇതോടെ, വിവിധ വിഷയങ്ങളിൽ ഓരോ പാഠഭാഗത്തുനിന്നും എത്രമാർ ക്കിനുള്ള ചോദ്യം വരുമെന്ന് വിദ്യാർഥികൾക്ക് മുൻകൂട്ടി ധാരണ ലഭിക്കും. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് ഉപകരിക്കുന്ന തരത്തിലാണ് ഈ നടപടിയെന്ന് സർക്കാർവൃത്തങ്ങൾ പറഞ്ഞു.

എസ്.എസ്.എൽ.സി പരീക്ഷയിൽ ഏതൊക്കെ പാഠഭാഗങ്ങൾ വരാനിടയുണ്ടെന്ന് മുൻകൂട്ടി അധ്യാപകരെ അറിയിക്കുന്ന പതിവുണ്ട്. അവർ വിദ്യാർഥികൾക്ക് പരീക്ഷയിൽ ചോദിക്കാനിടയുള്ള പാഠഭാഗങ്ങളെക്കുറിച്ച് വിവരിക്കും. ഈ വർഷം, ഈ പതിവുമാറ്റി നിശ്ചിത മാർക്കിനു ചോദിക്കാനിടയുള്ള പാഠഭാഗങ്ങൾ എല്ലാംകൂടി പ്രസിദ്ധീകരിക്കാൻ എസ്.സി.ഇ.ആർ.ടി തീരുമാനിക്കുകയായിരുന്നു. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഒരു പോലെ ധാരണയുണ്ടാക്കാനാണ് ഈ നടപടി. മാനസികസമ്മർദമില്ലാതെ പരീക്ഷ നേരിടാൻ ഇതു സഹായകരമാവുമെന്നാണ് വിലയിരുത്തൽ. പുതിയ പാഠ്യപദ്ധതി സ്കൂൾകുട്ടികൾക്ക് പഠനഭാരമുണ്ടാക്കുന്നതായി മന്ത്രി വി.ശിവൻകുട്ടിയും സമ്മതിച്ചിട്ടുണ്ട്. അടുത്ത അധ്യയനവർഷം 25 ശതമാനം കുറവുവരുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

പത്താംക്ലാസ് പരീക്ഷ വരാനിരിക്കേ ഈവർഷംതന്നെ എന്തുകൊണ്ട് പഠനഭാരം കുറച്ചുകൂടായെന്നും ചോദ്യമുയർന്നിട്ടുണ്ട്. ചോദ്യക്കടലാസ് തയ്യാറാക്കി, അച്ചടിക്കുള്ള നടപടികളെല്ലാം പൂർത്തിയായതിനാൽ ഈവർഷം അത് പ്രായോഗികമല്ലെന്നാണ് പൊതുവിദ്യാഭ്യാസവകുപ്പിൻ്റെ വിശദീകരണം. അതിനുപകരമായാണ് അടുത്തയാ ഴ്ച പത്താംക്ലാസ് മോഡൽ പരീക്ഷ തുടങ്ങാനിരിക്കേ, ചോദിക്കാനിടയുള്ള പാഠഭാഗങ്ങൾ പരസ്യപ്പെടുത്താനുള്ള തീരുമാനം.

Previous Post Next Post