സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഇൻഷുറൻസ് പദ്ധതിക്ക് പേരിടാൻ അഭിപ്രായങ്ങൾ തേടി വിദ്യാഭ്യാസ മന്ത്രി


തിരുവനന്തപുരം :- സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി സർക്കാർ നടപ്പിലാക്കുന്ന സമഗ്ര അപകട-ലൈഫ് ഇൻഷുറൻസ് പദ്ധതിക്ക് അർത്ഥവത്തായ പേര് തേടുന്നു. മികച്ച പേര് നിർദ്ദേശിക്കുന്നവർക്ക് ആകർഷകമായ സമ്മാനം നൽകുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. 

സംസ്ഥാനത്തെ ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് സുരക്ഷാ കവചമൊരുക്കുന്ന ഈ ബൃഹദ് പദ്ധതിയിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനാണ് ഇത്തരമൊരു മത്സരം സംഘടിപ്പിക്കുന്നത്. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ഈ ഉദ്യമത്തിൽ പങ്കാളികളാകാം .പദ്ധതിയുടെ ലക്ഷ്യം വ്യക്തമാക്കുന്നതും ലളിതവും അർത്ഥവത്തുമായ പേരായിരിക്കണം നിർദ്ദേശിക്കേണ്ടത്.തിരഞ്ഞെടുപ്പ് ലഭിക്കുന്ന പേരുകളിൽ നിന്ന് ഏറ്റവും അനുയോജ്യമായത് വിദഗ്‌ധ സമിതി തിരഞ്ഞെടുക്കുകയും ജേതാവിന് പ്രത്യേക പുരസ്കാരം നൽകുകയും ചെയ്യും.

പേര് സമർപ്പിക്കേണ്ട രീതി, രജിസ്ട്രേഷൻ മാനദണ്ഡങ്ങൾ എന്നിവ സംബന്ധിച്ച വിശദമായ സർക്കുലർ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉടൻ പുറത്തിറക്കും. നമ്മുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ സർക്കാർ നടപ്പിലാക്കുന്ന ഈ ജനകീയ പദ്ധതിക്ക് അനുയോജ്യമായ ഒരു പേര് കണ്ടെത്താൻ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. ബജറ്റിൽ പ്രഖ്യാപിച്ച പ്രകാരമുള്ള ഈ പദ്ധതി അതിവേഗം നടപ്പിലാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കുട്ടികളുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും മുൻഗണന നൽകുന്ന ഈ പദ്ധതിയുടെ സ്കൂ‌ൾ തലത്തിലുള്ള രജിസ്ട്രേഷൻ നടപടികൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Previous Post Next Post