ഒന്നിൽ കൂടുതൽ വോട്ടർ തിരിച്ചറിയൽ കാർഡ് കൈവശം വയ്ക്കുന്നത് കുറ്റകരം


തിരുവനന്തപുരം :- ഒന്നിൽ കൂടുതൽ വോട്ടർ തിരിച്ചറിയൽ കാർഡ് കൈവശം വയ്ക്കുന്നതു കുറ്റകരമാണെങ്കിലും കണ്ണൂർ ജില്ലയിലെ പകുതിയിലേറെ പേർക്കും ഇക്കാര്യം അറിയില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ സാംപിൾ സർവേ ഫലം. സംസ്‌ഥാനത്താകെ 84.42% പേർ ഇതെക്കുറിച്ച് അറിവുള്ളവരാണെന്ന് കണ്ടെത്തിയ സർവേയിൽ കണ്ണൂരിൽ മാത്രം ഇതെങ്ങനെ സംഭവിച്ചെന്നത് വ്യക്തമല്ല. അയൽജില്ലകളായ കാസർകോട്ട് 9.23% പേർക്കും വയനാട്ടിൽ 2.63% പേർക്കും മാത്രമാണ് ഇക്കാര്യത്തിൽ അറിവില്ലായ്മയെന്നും സർവേ പറയുന്നു. വോട്ടർ കാർഡിനെക്കുറിച്ച് 91.59% പേർക്കും അറിയാം. വോട്ടു ചെയ്യാൻ മറ്റു തിരിച്ചറിയൽ കാർഡുകൾ ഉപയോഗിക്കാമെന്ന ധാരണ 65% പേർക്കാണുള്ളത്. 

വോട്ടർ കാർഡ് ഇല്ലാത്തവരിൽ ഏറെയും 18 മുതൽ 25 വയസ്സ് വരെ പ്രായക്കാരായിരുന്നു. തൊട്ടുമുൻപു നടന്ന തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാതിരുന്നതിനു കാരണമായി ഭൂരിപക്ഷവും പറഞ്ഞതും വോട്ടർ ഐഡി കാർഡില്ല എന്നായിരുന്നു. വോട്ടു ചേർക്കാൻ ബൂത്ത് ലവൽ ഓഫിസർ (ബിഎൽഒ) പോലുള്ള പ്രാദേശിക സംവിധാനങ്ങളുണ്ടെന്ന് സർവേയിൽ പങ്കെടുത്ത പകുതിയിലേറെ പേർക്കും അറിയില്ല. നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടറായി റജിസ്റ്റർ ചെയ്യേണ്ടത് പഞ്ചായത്ത് ഓഫിസിലാണെ ന്ന് സർവേയിൽ പങ്കെടുത്ത 61.24% പേരും വിശ്വസിക്കുന്നു. കോട്ടയം ജില്ലക്കാർക്കാണ് ഈ വിശ്വാസം കൂടുതൽ (91%).

Previous Post Next Post