ജില്ലയുടെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്ന വികസന പദ്ധതികൾ തയ്യാറാക്കണം: അഡ്വ. ബിനോയ് കുര്യൻ

 


കണ്ണൂർ:-കണ്ണൂരിന്റെ വികസന സാധ്യതകൾ ഏറെയാണെന്നും അവയെ പ്രയോജനപ്പെടുത്തുന്ന രീതിയിലുള്ള പദ്ധതികളാണ് ആവശ്യമെന്നും ജില്ലാ ആസൂത്രണ സമിതി ചെയർമാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ പറഞ്ഞു. കണ്ണൂർ ഡി പി സി ഹാളിൽ ജില്ലാ പദ്ധതി 2025 വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷങ്ങളിൽ ജില്ലയിലെ വിദ്യാഭ്യാസം, ആരോഗ്യം, വാണിജ്യം തുടങ്ങിയ വിവിധ മേഖലകളിൽ വലിയ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, മറ്റ് ഏജൻസികൾ എന്നിവയ്ക്ക് കൃത്യമായ ദിശാബോധം നൽകുന്നതിന് സഹായിക്കുന്ന രേഖയാണ് ജില്ലാ പദ്ധതി. അതിനാൽ ജില്ലയുടെ വികസനത്തിന്റെ പുതിയ ആവശ്യങ്ങൾ കണ്ടെത്തി വികസന കാശ്ചപ്പാടുകൾ അവതരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.  

ജില്ലാ കലക്ടർ അരുൺ കെ വിജയൻ അധ്യക്ഷനായി. അടുത്ത അഞ്ചു വർഷത്തേക്കുള്ള ആസൂത്രണ രേഖകളുടെ ഒരു അടിത്തറ കൂടിയാണ് ഈ വികസന സെമിനാർ എന്ന് കലക്ടർ പറഞ്ഞു. ജില്ലാ പദ്ധതി 2025 സംബന്ധിച്ച് ഉപസമിതികൾ തയാറാക്കിയ കരട് റിപ്പോർട്ട് ജില്ലാ കലക്ടർ അരുൺ കെ വിജയൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറിന് കൈമാറി.തുടർന്ന് ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം, പട്ടികജാതി-പട്ടികവർഗ്ഗ വികസനം, ശുചിത്വം, ഖര-ദ്രവ മാലിന്യ സംസ്‌കരണം, നീർത്തടാധിഷ്ഠിത വികസനം, വനം-വന്യജീവി, വ്യവസായം -വാണിജ്യം, മത്സ്യ വികസനം-മത്സ്യത്തൊഴിലാളി ക്ഷേമം, ഊർജ്ജം, പരിസ്ഥിതി സംരക്ഷണം, ഭരണ നിർവ്വഹണം, കല-സാംസ്‌കാരികം തുടങ്ങി 26 മേഖലകളിലെ പ്രശ്‌നങ്ങളും വികസനങ്ങളും ഉൾപെടുത്തിയിട്ടുള്ള റിപ്പോർട്ടുകൾ അതാത് ഉപസമിതികൾ അവതരിപ്പിച്ചു. ആമുഖം, അവസ്ഥാവിശകലനം, പ്രധാന കണ്ടെത്തലുകൾ, വികസന പരിപ്രേക്ഷ്യം, മേൽത്തട്ട് നിർദ്ദേശങ്ങൾ, കീഴ്ത്തട്ട് നിർദ്ദേശങ്ങൾ, സംയോജന സാധ്യതകൾ എന്നീ ക്രമത്തിലാണ് ഉപസമിതി റിപ്പോർട്ട് തയ്യാറാക്കിയത്. കേന്ദ്ര സംസ്ഥാനാവിഷ്‌കൃത പദ്ധതികളുടെ അവലോകനം, തദ്ദേശ സ്വയം ഭരണ സ്ഥാപന പദ്ധതികളുടെ അവലോകനം. സംയുക്ത സംയോജന പദ്ധതികൾ എന്നിവയും റിപ്പോർട്ടിന്റെ ഭാഗമായി ഉൾപ്പെടുത്തിയിരുന്നു.


മുഴുവൻ സ്‌കൂളുകളിലും കെട്ടിടങ്ങളും ലൈബ്രറി, സോളാർ പ്ലാന്റ്, കളി സ്ഥല വിപുലീകരണം ഉൾപ്പെടെയുള്ള ഭൗതിക സാഹചര്യങ്ങളും കൊണ്ടുവരിക,  ആയുർവേദം, ചരിത്രം, വന്യജീവി, തീർത്ഥാടനം തുടങ്ങിയ മേഖലകളെ കൂടി ടൂറിസം വിഭാഗത്തിൽ ഉൾപ്പെടുത്തി മേഖലയിലിൽ കൂടുതൽ ഉണർവ് കൊണ്ടുവരിക, പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് തദ്ദേശ സ്ഥാപനങ്ങൾ മുഖേന മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നതിനായി പ്രത്യേക പരിശീലനം, സ്വയം തൊഴിൽ, നൂതന തൊഴിൽ സൗകര്യങ്ങൾ ഒരുക്കുക, അനുഷ്ഠാന, പാരമ്പര്യ കലകളെ പരിശീലിപ്പിക്കുക,

ഗാർഹികപീഡന കേസുകൾ പരിഹരിക്കുന്നത് വേഗത്തിലാക്കുക, മത്സ്യ തൊഴിലാളികൾക്ക് സുസ്ഥിരമായ വരുമാനം ഉറപ്പാക്കുക, വേനൽ കാലത്തുള്ള കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുക, കുടിവെള്ള സ്രോതസ്സുകളുടെ മലിനീകരണം തടയുക, കൃഷിയിൽ ഉൽപാദന ക്ഷമത വർദ്ധിപ്പിക്കുക, നാടൻ ഇനങ്ങളുടെ സംരക്ഷണവും ഹൈബ്രിഡ് ഇനങ്ങളുടെ വ്യാപനവും നടപ്പാക്കുക, പരമ്പരാഗത മേഖലയിലും ചെറുകിട വ്യവസായ മേഖലയിലും എക്സിബിഷൻ സെന്റർ കൾ കൊണ്ടുവരിക, സംരംഭകർക്ക് കൂടുതൽ മികച്ച വിപണന സൗകര്യം ഒരുക്കുക തുടങ്ങി നിരവധി നിർദ്ദേശങ്ങൾ അവതരിപ്പിച്ചു.

വികസന സെമിനാറിൽ ഉയർന്നു വന്ന നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തി കരട് ജില്ലാ പദ്ധതി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തോടെ സർക്കാരിലേക്ക് സമർപ്പിക്കും.ജില്ലാ പ്ലാനിംഗ് ഓഫീസർ നിനോജ് മേപ്പടിയത്ത് കരട് ജില്ലാ പദ്ധതി അവതരണം നടത്തി. ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസർ സി.പി സുധീഷ് ആമുഭാഷണം നടത്തി. മുൻ ഡി പി സി അംഗങ്ങൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനാധ്യക്ഷൻമാർ, പ്രതിനിധികൾ, ഉപസമിതി ചെയർമാൻമാർ, വൈസ് ചെയർമാൻമാർ, കൺവീനർമാർ, ജോയിന്റ് കൺവീനർമാർ, വിദഗ്ധ അംഗങ്ങൾ, മേഖല വിഷയമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Previous Post Next Post