കാഴ്ച പരിമിതിയുള്ളവര്‍ക്ക് അറിവിന്റെ പുതിയ വാതില്‍ തുറന്ന് ബ്രെയ്ലി ഡിജിറ്റല്‍ സാക്ഷരത പദ്ധതി

 


കണ്ണൂര്‍:- ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച ബ്രെയ്ലി സാക്ഷരത, ബ്രെയ്ലി ഡിജിറ്റല്‍ സാക്ഷരത പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനവും ഇന്‍സ്ട്രക്ടര്‍മാര്‍ക്കും പഠിതാക്കള്‍ക്കുമുള്ള ഓറിയന്റേഷനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. പൂര്‍ണ കാഴ്ചപരിമിതിയുള്ളവരെ ഘട്ടം ഘട്ടമായി സ്വയംപര്യാപ്തരാക്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതികള്‍ നടപ്പാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്, ജില്ലാ സാമൂഹികനീതി വകുപ്പ്, ജില്ലാ സാക്ഷരതാ മിഷന്‍, ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്റ് ജില്ലാ കമ്മിറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ബ്രെയിലി ക്ലാസിന്റെ ഒരു ബാച്ച് ധര്‍മ്മശാലയിലെ കുഴിച്ചാല്‍, തോട്ടട എന്നിവിടങ്ങളിലായി തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലും മറ്റൊരു ബാച്ച് വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും നടക്കും. നാലു ബാച്ചുകളിലായി 50 പേര്‍ ആദ്യഘട്ടത്തില്‍ പഠനം പൂര്‍ത്തിയാക്കും.

ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഷബ്‌ന അധ്യക്ഷയായി. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി ബിജു പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ ബോബി എണ്ണച്ചേരിയില്‍, രജനി മോഹന്‍, പി രവീന്ദ്രന്‍, എ പ്രദീപന്‍, ജില്ലാ പഞ്ചായത്ത് അംഗം മുസ്തഫ കൊടിപ്പോയല്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.വി. മുകുന്ദന്‍, ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്റ് ജില്ലാ പ്രസിഡന്റ് ടി.എന്‍ മുരളീധരന്‍, ജില്ലാ സെക്രട്ടറി എം.എം ഷാജിത്ത്, സാക്ഷരതാമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഷാജു ജോണ്‍, സാക്ഷരതാമിഷന്‍ ജില്ലാ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ ടി.വി ശ്രീജന്‍ എന്നിവര്‍ പങ്കെടുത്തു.

Previous Post Next Post