കണ്ണൂർ :- കുരുക്കിൽ വലഞ്ഞ് കണ്ണൂർ ടൗൺ. ഇന്നലെ രൂപപ്പെട്ടത് വാഹനങ്ങളുടെ നീണ്ടനിര. കാസർഗോഡ് സമസ്തയുടെ സമ്മേളനം കഴിഞ്ഞു വരുന്നവരുടെ വാഹനങ്ങളും അവധിദിനത്തിനു ശേഷം രാവിലെ ട്രെയിനിനും മറ്റും പോകാൻ അതിരാവിലെ തന്നെ പുറപ്പെട്ടവരുടെ തിരക്കും മേലെചൊവ്വയിലെ ഗതാഗത നിയന്ത്രണവും എല്ലാം കൂടിയായപ്പോൾ പുതിയതെരു മുതൽ ചാല ബൈപാസ് ജംക്ഷൻ വരെ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങി. സമസ്‌തയുടെ പ്രവർത്തകരുമായി കാസർകോട്ടേക്കു പോകുന്ന വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ അകപ്പെടാതിരിക്കാൻ പോലീസ് ക്രമീകരണം ഒരുക്കിയിരുന്നെങ്കിലും തിരിച്ചുവരുന്ന വാഹനങ്ങൾക്ക് അതുണ്ടായില്ല.
മേലെചൊവ്വ മുതൽ താഴെചൊവ്വ വരെ ഇരുഭാഗത്തേക്കുമുള്ള ഗതാഗതം പൂർണമായും സ്തംഭിച്ച നിലയിലായിരുന്നു. താഴെചൊവ്വ ബൈപാസ് മുതൽ ചാല ജംക്‌ഷൻ വരെ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങിയെങ്കിലും സർവീസ് റോഡിൽ ചാലക്കുന്ന് കയറ്റത്തിൽ ടൂറിസ്‌റ്റ് ബസ് നിന്നുപോയത് ഈ റൂട്ടിലും ഗതാഗതം സ്തംഭിപ്പിച്ചു. ഇതുകാരണം ബൈപാസ് വഴി വന്ന വാഹനങ്ങൾ കിഴുത്തള്ളി ഓവുപാലം വഴി തോട്ടടയിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും താഴെചൊവ്വ ഗേറ്റ് അടച്ചതിനെ തുടർന്ന് തോട്ടട ഭാഗത്തു നിന്നുള്ള വാഹനങ്ങൾ എതിർഭാഗത്തു നിന്നും ബൈപാസിലേക്ക് വരാൻ തുടങ്ങിയതോടെ ഇവിടെയും കുരുക്ക് മുറുകി.
