മൂന്നരകോടി ചെലവിൽ പറശ്ശിനിക്കടവിൽ ബോട്ട് ജെട്ടി വിപുലീകരണം


പറശ്ശിനിക്കടവ് :- പറശ്ശിനിക്കടവിൽ 350 ലക്ഷം രൂപ ചെലവിട്ട് ബോട്ട് ജെട്ടി വിപുലീകരണ പ്രവൃത്തി തുടങ്ങി. 25-ൽപ്പരം ബോട്ടുകൾ സർവീസ് നടത്തുന്ന പറശ്ശിനിക്കടവിൽ സർക്കാർ വക ബോട്ട് സർവീസ് നാമമാത്രമായി. കൂടുതൽ ബോട്ടുകൾ സർവീസ് നടത്താൻ തുടങ്ങിയതോടെ നിലവിലെ ജെട്ടിയുടെ പരിമിതി വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കൂടാതെ, തിരക്കുള്ള ജെട്ടിയിൽ ഒരേസമയം കൂടുതൽ വലിയ ബോട്ടുകൾക്ക് സർവീസ് നടത്താൻ സാധിക്കാതിരുന്നത് ബോട്ട് സർവീസുകളെ എന്നും പ്രതിസന്ധിയിലാക്കിയിരുന്നു.

കെ.ടി.ഡി.സിയും ജലഗതാഗതവകുപ്പും വിവിധ ബോട്ട് സർവീസുകൾ തുടങ്ങി പറശ്ശിനിക്കടവിൽ കളംപിടിക്കാൻ ശ്രമം നടത്തിയെങ്കിലും പല പരീക്ഷണങ്ങളും ആരംഭശൂരത്വം മാത്രമായിപ്പോയി. നിലവിലുള്ള ജെട്ടിയിൽനിന്ന് പറശ്ശിനിക്കടവ് പാലം ഭാഗത്തേക്ക് ഫ്ലോട്ടിങ്ങ് ബ്രിഡിന് സമീപം എത്തുന്ന രീതിയിലാണ് പുതിയ വിപുലീകരണം നടക്കുന്നത്. കൂടുതൽ ബോട്ടുകൾക്ക് ഒരേസമയം അടുക്കാനുള്ള സൗകര്യം വിപുലീകരണത്തോടെ ഒരുങ്ങുമെന്നാണ് പ്രതീക്ഷ. നിലവിൽ ഒരേസമയം അഞ്ച് ബോട്ടുകൾക്ക് അടുക്കാനുള്ള സൗകര്യം മാത്രമാണ് ജെട്ടിയിൽ കഷ്ടിച്ചുള്ളത്.

വിപുലീകരണം പൂർത്തിയാകുമ്പോൾ കൂടുതൽ ബോട്ടുകൾക്ക് ഒരേസമയം സർവീസ് നടത്തുന്നതിന് സാധ്യമാകും. 2020-ലാണ് മലബാർ റിവർ ക്രൂസ് പദ്ധതിയുടെ ഭാഗമായി 4.88 കോടി ചെലവിട്ട് പറശ്ശിനിക്കടവിൽ ബോട്ട് ടെർമിനൽ തുറന്നു കൊടുത്തത്. തുടർന്ന് കെ.ടി.ഡി.സി ഉൾപ്പെടെ ഇറക്കിയ സ്പീഡ് ബോട്ടുകൾ ഏതാനും മാസങ്ങൾ മാത്രമാണ് സർവീസ് നടത്തിയത്. വിനോദസഞ്ചാരവകുപ്പിൻ്റെ കീഴിലുള്ള ബോട്ട് ജെട്ടി ഉപയോഗി ച്ച് കെ.ടി.ഡി.സിയുടെ ഒരു ബോട്ട് പോലും നിലവിൽ സർവീസ് നടത്തുന്നില്ല. കെ.ടി.ഡി.സി കോടികൾ ചെലവിട്ട് ഇറക്കിയ മൂന്ന് ബോട്ടുകൾ ഏതാനും മാസം സർവീസ് നടത്തിയാണ്കട്ടപ്പുറത്തായത്.

കെ.ടി.ഡി.സി ഇറക്കിയ വാട്ടർടാക്സികൾ ദീർഘകാലം ജെട്ടിയിലിട്ടശേഷം പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് അറ്റകുറ്റപ്പണികൾക്കായി മാറ്റിയത്. പിന്നെ മൂന്നുവർഷം കഴിഞ്ഞിട്ടും തിരിച്ചെത്തിയിട്ടില്ല. സമാന രീതിയിലാണ് ജലഗതാഗതവകുപ്പിന്റെ സർവീസുകളും നിലവിൽ ജലഗതാഗതവകുപ്പിൻ് കറ്റാമറൈൻ സർവീസ് മാത്രമാണുള്ളത്. വാട്ടർടാക്സികളും ഡബിൾഡെക്കർ ബോട്ടും ഇറക്കിയിരുന്നെങ്കിലും അവയും തകരാറിലായി. കേടുപാടുകൾ പരിഹരിക്കാൻ കൊണ്ടുപോയെങ്കിലും പിന്നീട് തിരിച്ചെത്തിയില്ല.

പറശ്ശിനിക്കടവ്-മാട്ടൂൽ ബോട്ട് സർവീസ് നിലച്ചിട്ട് നാല് മാസമായി. പറശ്ശിനിക്കടവിൽനിന്ന് മാട്ടൂലിലേക്ക് ജലഗതാഗതവകുപ്പ് നടത്തുന്ന ബോട്ട് സർവീസ് നിലച്ചിട്ട് നാലു മാസമായി. നിലവിൽ ഓടിയിരുന്ന ഡബിൾ ഡെക്കർ ബോട്ട് അറ്റകുറ്റപ്പണിക്കായി കഴിഞ്ഞവർഷം ഒക്ടോബർ 10-ന് കൊണ്ടുപോയിരുന്നു. അതിനിടയിൽ കറ്റാമറൈൻ ബോട്ട് ആഘോഷത്തോടെ ഗതാഗതമന്ത്രിയുടെ സാന്നിധ്യത്തിൽ 13-ന് സർവീസിന് ഇറക്കിയെങ്കിലും വളപട്ടണം റെയിൽ വേപ്പാലം കടക്കാൻ സാധിക്കാത്തതിനാൽ സർവീസ് അവിടെവരെ മാത്രം നിജപ്പെടുത്തി. 

വളപട്ടണം പുഴയിലെ വിനോദസഞ്ചാര കുതിപ്പിന് വലിയ ഭീഷണിയാണ് വളപട്ടണം റെയിൽ വേപ്പാലം. പാലത്തിന്റെ ഉയരക്കുറവ് കാരണം ആധുനിക രീതിയാൽ നിർമിക്കുന്ന ബോട്ടുകൾക്ക് ഒന്നും പാലത്തിൻ്റെ ഇരുഭാഗവും കടക്കാൻപറ്റാത്ത സ്ഥിതിയാണ്. മാട്ടൂലിലേക്കും തിരിച്ചും നിറയെ യാത്രക്കാരെ ലഭിച്ചിരുന്ന സർവീസ് ജലഗതാഗതവകുപ്പിനും വലിയ വരുമാനവും ഉണ്ടാക്കിയിരുന്നു. തകരാർ പെട്ടെന്ന് പരിഹരിച്ച് സർവീസ് തുടങ്ങുമെന്ന് അധികൃതർ പലതവണ അറിയിച്ചിട്ടും പുരോഗതി ഉണ്ടായിട്ടില്ല.

Previous Post Next Post