താഴ്ന്നുകിടക്കുന്ന വൈദ്യുതലൈനിൽ തട്ടി ഷോക്കേറ്റ് വിദ്യാർത്ഥിനി മരണപ്പെട്ടു


കൊടുവള്ളി :- ബന്ധുവിൻ്റെ പുതുതായി നിർമിക്കുന്ന വീട്ടിൽ വച്ച് ഷോക്കേറ്റു മരിച്ച വിദ്യാർത്ഥിനിക്ക് വിട നൽകാൻ നാടൊകെ ഒഴുകി. കൊടുവള്ളി കച്ചേരിമുക്കിൽ കളത്തിങ്കൽ റഷീദിൻ്റെ മകളും മടവൂർ എ.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുമായ തൻഹയാണ് അപകടത്തിൽ മരിച്ചത്. തൻഹയുടെ വീടിന് സമീപത്തായി പിതൃസഹോദരന്റെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ വച്ചാണ് കുട്ടിക്ക് ഷോക്കേറ്റത്. താഴ്ന്ന നിലയിലുണ്ടായിരുന്ന വൈദ്യുതി ലൈനിൽ നിന്നാണ് അപകടമുണ്ടായത്.

വീട്ടിൽ ആരും ഇല്ലാത്ത സമയത്താണ് തന്റെ ഇളയ സഹോദരങ്ങൾക്കൊപ്പം നിർമാണം നടക്കുന്ന വീട്ടിൽ എത്തിയത്. പണി തീരാത്ത ഗോവണിയിലൂടെ ചുമരിന്റെ മുകളിൽ കയറി നടക്കുന്നതിനിടെ അറിയാതെ കൈ ഉയർത്തിയപ്പോൾ വൈദ്യുതി കമ്പിയിൽ തട്ടിയതാവാം അപകടകാരണം എന്നാണ് നിഗമനം. തൻഹ കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു. മറ്റ് കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസി സമീപത്തെ ട്രാൻസ്ഫോമറിൽ നിന്നും ഫ്യൂസുകൾ ഊരിയാണ് കുട്ടിയെ താഴെയിറക്കിയത്. ഉടൻ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൻഹയുടെ മൃതദേഹം മടവൂർ എയുപി സ്കൂ‌ളിൽ പൊതുദർശനത്തിന് വെച്ചു. തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരിയെ അവസാനമായി കാണാൻ കുട്ടികളും അധ്യാപകരും തടിച്ചുകൂടിയിരുന്നു.

Previous Post Next Post