തിരുവനന്തപുരം :- അഞ്ച് വർഷക്കാലം വലിയ കഠിനാധ്വാനത്തിലൂടെ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങൾ കൊണ്ട് വരാൻ സാധിച്ചുവെന്ന് മന്ത്രി ആർ ബിന്ദു. ദേശീയ അന്തർദേശീയ ഗുണനിലവാര പരിശോധനകളിൽ കേരളത്തിലെ സർവകലാശാലകളും കോളജുകളും മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുകയാണ്. ക്യാമ്പസുകളിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. എല്ലാ സർവകലാശകളും ചേർന്നുകൊണ്ട് ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കി ഓരോ സർവകലാശാലകളും ചെയ്യുന്ന മികച്ച കാര്യങ്ങൾ പങ്കുവയ്ക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രിയുടെ പ്രതികരണം.
കേരളത്തിലെയും മികവുറ്റ ക്യാമ്പസുളാണെന്ന് പുറത്തേക്ക് പഠിക്കാൻ പോകാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് ഒരു സന്ദേശം നൽകാൻ സാധിച്ചു. മുമ്പും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല മോശമായിരുന്നില്ല. ഇന്ന് വിദേശത്ത് പല കമ്പനികളും നയിക്കുന്നത് കേരളത്തിൽ നിന്നുള്ളവരാണ്. അത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണനിലവാരം ഉള്ളത് കൊണ്ടുതന്നെയാണ്. കിഫ്ബി ഫണ്ടിലൂടെ സർവകലാശാലകളുടെയും കലാലയങ്ങളുടെയും അടിസ്ഥാന സൗകര്യം നല്ല നിലയിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.
സർവകലാശാലകളുടെയും കലാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം വളരെ വേഗത്തിൽ മുന്നോട്ട് കൊണ്ട് പോകാൻ സാധിച്ചു. ഇന്ന് എംജി, കേരള, കുസാറ്റ് സർവകലാശാലകളിലെ ലാബ് കോംപ്ലക്സുസുകൾ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ചവയാണ്. കുസാറ്റിൽ ലാബിലെ ഉപകരണങ്ങൾ വാങ്ങാൻ വേണ്ടി മാത്രം 250 കോടിയിലേറെ രൂപയാണ് അനുവദിച്ചത്.
