കുട്ടികളിലെ സോഷ്യൽ മീഡിയ അഡിക്ഷൻ കേസ് ; മെറ്റയും യൂട്യൂബും കുറ്റക്കാരെന്ന് കോടതി, 6 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്


സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കുട്ടികളെ ആസക്തിയിലേക്കും മാനസികമായി ഹാനികരമായ കാര്യങ്ങളിലേക്കും നയിക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്‌തുവെന്ന ആരോപണത്തിൽ മെറ്റയും യൂട്യൂബും കുറ്റക്കാരാണെന്ന് ലോസ് ഏഞ്ചൽസിലെ ഒരു കോടതി കണ്ടെത്തി. “കെജിഎം” എന്ന പേരിൽ അറിയപ്പെടുന്ന 20-കാരിക്ക് ആറ് മില്യൺ ഡോളർ നഷ്‍ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.

ഇൻസ്റ്റഗ്രാം (മെറ്റ), ടിക്‌ടോക് (ബൈറ്റ്‌ഡാൻസ്), യൂട്യൂബ് (ഗൂഗിൾ) എന്നിവക്കെതിരെയാണ് പരാതിക്കാരി കേസ് നൽകിയിരുന്നത്. ഈ പ്ലാറ്റ്‌ഫോമുകളുടെ ആസക്തി ഉളവാക്കുന്ന സവിശേഷതകൾ കാരണം ബാല്യത്തിൽ തന്നെ തനിക്ക് മാനസികമായും സാമൂഹികമായും ഹാനി സംഭവിച്ചതായി പരാതിക്കാരി ആരോപിച്ചു. അതേസമയം, വിചാരണ ആരംഭിക്കുന്നതിന് മുമ്പ് ടിക്‌ടോകും സ്‍നാപ്പും പരാതിക്കാരിയുമായി ഒത്തുതീർപ്പിൽ എത്തിയിരുന്നു.

നഷ്‍ടപരിഹാര തുകയായ മൂന്ന് മില്യൺ ഡോളറിൽ 70 ശതമാനം മെറ്റ നൽകണമെന്നും ബാക്കിയുള്ള തുക യൂട്യൂബ് നൽകണമെന്നും കോടതി നിർദേശിച്ചു. ഇതിന് പുറമേ, ശിക്ഷാപരമായ നഷ്‍ടപരിഹാരമായി മൂന്ന് മില്യൺ ഡോളർ പരാതിക്കാരിക്ക് അനുവദിച്ചു. വിധിക്കെതിരെ പ്രതികരിച്ച മെറ്റ, കോടതി വിധിയോട് യോജിപ്പില്ലെന്നും അപ്പീല്‍ നല്‍കാനുള്ള നിയമപരമായ മാർഗങ്ങൾ പരിശോധിക്കുന്നതാണെന്നും അറിയിച്ചു. അതേസമയം, യൂട്യൂബ് ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം അല്ലെന്നും അത് ഒരു സ്ട്രീമിംഗ് സേവനമാണെന്നും ആയിരുന്നു ഗൂഗിളിന്‍റെ വാദം. വിധിക്കെതിരെ അപ്പീൽ നൽകുമെന്നും ഗൂഗിൾ വ്യക്തമാക്കി.



Previous Post Next Post