കരിപ്പൂർ : രാജ്യത്തു നിന്ന് ഹജ് കമ്മിറ്റി മുഖേന ഇത്തവണ ഹജ് തീർഥാടനം നടത്തുന്നതിനുള്ള ചെലവ് നിശ്ചയിച്ചു. കേരളത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് 3,68,400 രൂപയും കൊച്ചിയിൽ നിന്ന് 3,46,750 രൂപ യും കണ്ണൂരിൽ നിന്ന് 3,51,900 രൂപയുമാണ് നൽകേണ്ടത്. തീർഥാടകർ നിലവിൽ 2,77,300 രൂപ രണ്ടു ഗഡുക്കളായി അടച്ചിട്ടുണ്ട്. ബാക്കി തുക മൂന്നാം ഗഡുവായി ഈ മാസം 31ന് അകം അടയ്ക്കണമെന്നു കേന്ദ്ര ഹജ് കമ്മിറ്റി അറിയിച്ചു.
കോഴിക്കോട് വിമാനത്താവളം തിരഞ്ഞെടുത്തവർ 91,100 രൂപ യും കൊച്ചിക്ക് 69,450 രൂപയും കണ്ണൂരിന് 74,600 രൂപയുമാണ് അടയ്ക്കേണ്ടത്. വിമാന ടിക്കറ്റ് നിരക്കിലെ വ്യത്യാസമാണ് നിരക്ക് വ്യത്യാസത്തിനു പ്രധാന കാരണം. കോഴിക്കോട്ടുനിന്ന് 1,25,071 രൂപയും കൊച്ചിയിൽ നിന്ന് 1,03,458 രൂപയും കണ്ണൂരിൽ നിന്ന് 1,08,607 രൂപയുമാണ് വിമാന ടിക്കറ്റ് നിരക്ക്. കോഴിക്കോട് വിമാനത്താവളം തിരഞ്ഞെടുത്തവർക്ക് കൊച്ചിയെ അപേക്ഷിച്ച് 21,650 രൂപയും കണ്ണൂരിനെക്കാൾ 16,500 രൂപയും കൂടുതലാണ്. ബലികർമത്തിനുള്ള കൂപ്പൺ ആവശ്യപ്പെട്ടവർ 17,280 രൂപ കൂടി അധികം അടയ്ക്കണം.
വിജയവാഡയിൽ നിന്നാണ് ഇത്തവണത്തെ കൂടിയ നിരക്ക്. 4,09,000 രൂപ. ഇവിടെ 1,65,709 രൂപയാണ് വിമാന ടിക്കറ്റ് നിരക്ക്. കുറവ് അഹമ്മദാബാദിൽ നിന്ന്. 3,33,200 രൂപ. ഇവിടെ നിന്ന് വിമാന ടിക്കറ്റ് നിരക്ക് 89,882 രൂപയാണ്. കേരളത്തിൽ നിന്ന് ഇതുവരെ 13,177 പേർക്കാണ് ഹജ് തീർഥാടനത്തിന് അവസരം ലഭിച്ചത്. കൊച്ചി (7935), കണ്ണൂർ (4,286), കോഴിക്കോട് (932) എന്നിങ്ങനെ തീർഥാടകർ യാത്ര ചെയ്യും. 28 പേർ കേരളത്തിനു പുറത്തുനിന്നുള്ള വിമാനത്താവളം വഴിയാണ് യാത്ര പുറപ്പെടുക.
