തെരഞ്ഞെടുപ്പിന്റെ മത്സരചിത്രം ഇന്ന് തെളിയും ; പത്രിക പിൻവലിക്കാനുള്ള അവസാനദിനം ഇന്ന്


തിരുവനന്തപുരം :- സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ മത്സരചിത്രം ഇന്നറിയാം. ഇന്നാണ് പത്രിക പിൻവലിക്കാനുള്ള അവസാനദിനം. വൈകീട്ട് മൂന്ന് മണിവരെ നാമനിർദേശ പത്രിക പിൻവലിക്കാം. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം 985 സ്ഥാനാർത്ഥികളാണ് സംസ്ഥാനത്തുള്ളത്. അപരന്മാർ ഉണ്ടാക്കുന്ന ഭീഷണിയുടെ ആശങ്കയിലാണ് പല പ്രമുഖർ സ്ഥാനാർത്ഥികളും. 

സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന പൂർത്തിയായപ്പോൾ സംസ്ഥാനത്ത് 985 സ്ഥാനാർഥികളാണ് ഉള്ളത്. ഇന്നലെ 269 സ്ഥാനാർത്ഥികളുടെ പത്രികകളാണ് തള്ളിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സര രംഗത്തുള്ളത് കൊടുവള്ളിയിലാണ്. ഇവിടെ 17 സ്ഥാനാർഥികളാണ് നിലവിൽ പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. തിരുവനന്തപുരം മണ്ഡലമാണ് തൊട്ടുപിന്നിൽ. ഇവിടെ 16 സ്ഥാനാർത്ഥികൾ ജനവിധി തേടുന്നുണ്ട്. 

സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ 1 ഇന്ന് വൈകുന്നേരം മൂന്ന് മണി വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. പല മണ്ഡലങ്ങളിലും പ്രമുഖ മുന്നണികൾക്ക് വിമത സ്ഥാനാർത്ഥികൾ രംഗത്തുണ്ട്. ഇവരെ വൈകീട്ട് മൂന്ന് മണിക്കുള്ളിൽ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണിയും നേതാക്കളും. പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് അവസാനിക്കുന്നതോടെ കേരളത്തിലെ യഥാർത്ഥ മത്സര ചിത്രം തെളിയും. 2021 ൽ സംസ്ഥാനത്ത് 957 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.

Previous Post Next Post