പ്രകാശം :- ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ മർക്കാപുരത്ത് ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് പത്ത് പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു. അപകടത്തെ തുടർന്ന് ഇരു വാഹനങ്ങളും കത്തിനശിച്ചു. ഇന്ന് പുലർച്ചെ 5.45 ഓടെയാണ് അപകടം നടന്നത്. ഹൈദരാബാദിൽ നിന്ന് കാനിപാകത്തേക്ക് തീർത്ഥാടകരുമായി പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മുന്നിലുണ്ടായിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു എന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം.
അപകടസമയത്ത് ബസ്സിൽ നാൽപ്പതോളം യാത്രക്കാരുണ്ടായിരുന്നു. പുലർച്ചെയുണ്ടായ കനത്ത മൂടൽമഞ്ഞും ഡ്രൈവർ ഉറങ്ങിപ്പോയതുമാകാം അപകടത്തിന് കാരണമായതെന്ന് പോലീസ് സംശയിക്കുന്നു. അപകടത്തെത്തുടർന്ന് ഈ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഹൈവേ പോലീസ് സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് തകർന്ന വാഹനങ്ങൾ നീക്കം ചെയ്താണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
