കൊല്ലം:- കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ ഡോ. വന്ദന ദാസ് കുത്തേറ്റ് കൊല്ലപ്പെട്ട കേസില്‍ പ്രതി ജി സന്ദീപിന് ജീവ പര്യന്തം തടവ് ശിക്ഷ. ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.കൊലപാതകത്തിന് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് പുറമെ, വധശ്രമത്തിന് 10 വര്‍ഷം കഠിന തടവ്, ആശുപത്രിയില്‍ അതിക്രമം കാണിച്ച് ആരോഗ്യ പ്രവര്‍ത്തരെ ആക്രമിച്ചതിനും പത്ത് വര്‍ഷങ്ങള്‍ വീതവും കൊല്ലം സെഷന്‍സ് കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്.
കൊലപാതകക്കേസില്‍ പ്രതി ഓടനാവട്ടം ചെറുകരക്കോണം ശ്രീനിലയത്തില്‍ ജി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി വെള്ളിയാഴ്ച വിധിച്ചിരുന്നു. 2023 മേയ് 10ന് പുലര്‍ച്ചെയാണ് വന്ദന മരിക്കുന്നത്.ചികിത്സയ്ക്കായി പൂയപ്പള്ളി പൊലീസ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച സ്‌കൂള്‍ അധ്യാപകനായിരുന്ന വെളിയം ചെറുകരക്കോണം സ്വദേശി സന്ദീപ് (44) അക്രമാസക്തനായി ആശുപത്രിയിലെ സര്‍ജിക്കല്‍ കത്തി ഉപയോഗിച്ചു കുത്തി കൊലപ്പെടുത്തി എന്നാണ് കേസ്.
കൊട്ടാരക്കര താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിക്കിടെയാണ് ഡോ. വന്ദന ദാസിനെ സന്ദീപ് ആക്രമിച്ചത്. സന്ദീപിന്റെ ആക്രമണത്തില്‍ മൂന്ന് പൊലീസുകാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു.കേസില്‍ 70ല്‍ ഏറെ സാക്ഷികളെ വിസ്തരിച്ചു. 207 രേഖകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി. പ്രതിക്കെതിരെ പ്രോസിക്യൂഷന്‍ ആരോപിച്ച കുറ്റങ്ങളെല്ലാം നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.പ്രതിക്ക് മാനസിക വൈകല്യം ഉണ്ടെന്ന വാദവും കോടതി തള്ളിയിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കണമെന്നുംപ്രതി സന്ദീപിന് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
