ആയത്തുള്ള അലി ഖമനേയിയുടെ വധം ; ദില്ലിയിലെ ഇറാൻ എംബസിയിൽ ദുഃഖാചരണം നടത്തി, ഇന്നും നാളെയും അനുശോചനം രേഖപ്പെടുത്താം


ദില്ലി :- ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വധത്തിൽ ദില്ലിയിലെ ഇറാൻ എംബസിയിൽ ദുഃഖാചരണം നടന്നു. നയതന്ത്രർക്ക് അനുശോചനം രേഖപ്പെടുത്താൻ എംബസിയിൽ സൗകര്യമൊരുക്കിയിരുന്നു. എംബസിയിലുള്ള പുസ്തകത്തിൽ ഇന്നും നാളെയും ഒൻപതാം തീയതിയും അനുശോചനം രേഖപ്പെടുത്താം. ഇസ്രയേലും അമേരിക്കയും ഇറാനിൽ നടത്തുന്ന ആക്രമണങ്ങൾ ആറാം ദിവസത്തിലേക്ക് കടന്നു. തലസ്ഥാനമായ ടെഹ്റാൻ ഉൾപ്പെടെ 150 ലധികം ഇറാനിയൻ നഗരങ്ങളിൽ ഇതുവരെ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്.

ആക്രമണത്തിൽ ഇറാനിൽ മരണം 1100 കടന്നു. അയ്യായിരത്തിലേറെ പേർക്ക് പരിക്കേറ്റു. ഇറാന്റെ മിസൈൽ, ഡ്രോൺ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുന്നതിലാണ് ഇപ്പോൾ പ്രധാനമായും അമേരിക്കയും ഇസ്രയേലും ശ്രദ്ധയൂന്നുന്നത്. പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കു നേരെ വരും മണിക്കൂറുകളിൽ കൂടുതൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തുമെന്ന് ഇറാൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തെയത്ര ഇല്ലെങ്കിലും ഗൾഫ് മേഖലയിലേക്ക് ഇറാന്റെ ആക്രമണം തുടരുന്നു. മിസൈലുകൾ ഇന്നും തടഞ്ഞതായി സൗദി അറിയിച്ചു. ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം ശക്തമായി തുടരുകയാണ്. ഇതുവരെ നൂറോളം പേർ കൊല്ലപ്പെട്ടു. ലോകത്തിലെ പ്രധാന എണ്ണ പാതയായ ഹോർമുസ് കടലിടുക്ക് ഇപ്പോഴും സ്തംഭനത്തിലാണ്. കപ്പലുകൾ കത്തിക്കുമെന്ന ഇറാന്റെ ഭീഷണിയെത്തുടർന്ന് ആഗോള എണ്ണ വിതരണം സ്തംഭനാവസ്ഥയിലായി.

അതിനിടെ, കുവൈറ്റ് തീരത്ത് ഒരു എണ്ണ ടാങ്കറിൽ സ്ഫോടനവും ഇന്ധന ചോർച്ചയും ഉണ്ടായെന്ന സമൂഹ മാധ്യമപ്രചാരണം കുവൈത്ത് നിഷേധിച്ചു. കുവൈത്തിന്റെ സമുദ്ര മേഖലയ്ക്ക് പുറത്താണ് സംഭവമെന്ന് കുവൈത്ത് അറിയിച്ചു. വൻ തകർച്ച നേരിട്ട ഏഷ്യൻ ഓഹരി വിപണികളിൽ ഇന്ന് തിരിച്ചു വരവിന്റെ സൂചനകളാണ് കാണിക്കുന്നത്. ഇന്ത്യൻ വിപണിയിലും ഇന്ന് തകർച്ചയില്ല. ഗൾഫിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം കൂട്ടി. സ്‌പൈസ് ജെറ്റ് അടക്കം കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു.

Previous Post Next Post