ഗൾഫ് ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് വിമാനകമ്പനികൾ



കോഴിക്കോട് :- വിവിധ വിമാനക്കമ്പനികളുടെ ഗൾഫ് നിരക്കിൽ വൻ വർധന. യാത്രക്കാർ കുറവാണെങ്കിലും വിമാന സർവീസുകൾ പരിമിതമായതും പെരുന്നാളിന് നാട്ടിലേക്കുള്ള പ്രവാസി യാത്രക്കാരുടെ സാധ്യതയും കണക്കിലെടുത്താണ് വർധന. കൊച്ചിയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ ഈ ആഴ്ചയിലെ ദുബായിലേക്കുള്ള നിരക്കുകൾ 11148 മുതൽ 13549 വരെയാണ്. ഷാർജയിലേയ്ക്ക് 13939 മുതൽ 14399 രൂപ വരെയും. ഇൻഡിഗോയുടെ ദുബായിലേക്കുള്ള ഈ ആഴ്ചയിലെ നിരക്ക് 30551 മുതൽ 36853 വരെയുണ്ട്. എയർ ഇന്ത്യയുടെ ദുബായ് നിരക്ക് 17940 മുതൽ 21802 വരെയാണ്

ഇന്ന് അബുദാബിയിൽ നിന്നു എയർ അറേബ്യ വിമാനത്തിൽ കോഴിക്കോട് വിമാനത്താവളത്തിലെത്താൻ നിരക്ക് അരലക്ഷം രൂപയാണ്. ഷാർജയിൽനിന്നു കോഴിക്കോട്ടേക്കും സമാന നിരക്കാണ്. ഇന്നു കോഴിക്കോട്ടു നിന്ന് ഷാർജയിലേക്ക് 49,000 രൂപയും അബുദാബിയിലേക്ക് 42,000 രൂപയുമാണ്. നേരത്തേ ഇത് ഇരുഭാഗങ്ങളിലേക്കും ശരാരി 15,000 രൂപയായിരുന്നു.

13ന് ഫ്ലൈനാസ് വിമാനത്തിൽ കോഴിക്കോട്ടു നിന്ന് റിയാദിലെത്താൻ 42,000 രൂപയും സൗദിയ എയർലൈൻസിൽ 48,000 രൂപയുമാണ് നിരക്ക് കാണിക്കുന്നത്. ഇതേദിവസം തിരിച്ച് റിയാദിൽ നിന്ന് കോഴിക്കോട്ടെത്താൻ - ഫ്ലൈനാസ് വിമാനത്തിൽ 80,000 രൂപയും സൗദിയ എയർലൈൻസ് വിമാനത്തിൽ 70,000 രൂപയുമാണ്. നേരത്തേ ഇത് ശരാശരി 20,000 - 25,000 രൂപയായിരുന്നു. ഇന്നു കോഴിക്കോട്ടു നിന്നു മസ്കത്തിലേക്കു പോകാൻ ഒമാൻ എയർവിമാനത്തിൽ 33,000 രൂപയാണ്. തിരിച്ച് മസ്കത്തിൽ നിന്ന് കോഴിക്കോട്ടേക്ക് 84,000 രൂപയും. അതേസമയം, ജിദ്ദ സെക്ടറിൽ മിക്ക ദിവസങ്ങളിലും കാര്യമായ വർധനയില്ല.

തിരുവനന്തപുരത്തു നിന്നും തിരികെയും 11, 12 തീയതികളിലെ കുറഞ്ഞ ടിക്കറ്റ് നിരക്ക് ( പലതും 5-6 ഇരട്ടി വരെ വർധിച്ചിട്ടുണ്ട്. ഇന്നലെ രാത്രി 7 മണിക്ക് ലഭ്യമായ നിരക്ക് . തിരുവനന്തപുരം - ദുബായ്  17000, 17000, ദുബായ്- തിരുവനന്തപുരം : 53000, 58000, തിരുവനന്തപുരം - അബുദാബി - 32000, 32000, അബുദാബി - തിരുവനന്തപുരം : 53000, 50000, തിരുവനന്തപുരം മസ്കത്ത് : 35000, 20000, മസ്കത്ത് - തിരുവനന്തപുരം : 42000, 45000 തിരുവനന്തപുരം - ഷാർജ : 20000, 19000, ഷാർജ - തിരുവനന്തപുരം : 52000, 5000.

Previous Post Next Post