തിരുവനന്തപുരം :- സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഒരു ഗ്രാം സ്വർണത്തിന് 90 രൂപ കൂടി പവന് 1,08,720 രൂപയായി. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കു പ്രകാരമുള്ള നിരക്കാണിത്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് ഈ അപ്രതീക്ഷിത മാറ്റങ്ങൾക്ക് കാരണം. ഇക്കഴിഞ്ഞ മാർച്ച് 23 ന് സ്വർണ വില 99,480 എന്ന നിരക്കിലെത്തിയിരുന്നു.
സ്വർണവിലയിൽ ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന ചാഞ്ചാട്ടം ഇനി എത്ര കാലം തുടരുമെന്നതാണ് ഇപ്പോൾ ഉറ്റുനോക്കപ്പെടുന്നത്. പശ്ചിമേഷ്യയിലെ യുദ്ധം ഇനിയും നീളുകയും അതുവഴി ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്കുള്ള സാഹചര്യമുണ്ടാവുകയും ചെയ്താൽ നിക്ഷേപകരെല്ലാം കൂട്ടത്തോടെ സ്വർണത്തെ ആശ്രയിക്കും. എന്നാൽ ഇറാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് ഇന്ധനം കടത്തിവിടാൻ ഹോർമുസ് തുറന്നത് നിക്ഷേപകർക്ക് പ്രതീക്ഷ നൽകി. നിലവിൽ ഡോളറിൻ്റെ കരുത്തും പലിശ നിരക്കുകളുമാണ് നിക്ഷേപകരുടെ കണക്കുകൂട്ടലുകളെ നിയന്ത്രിക്കുന്നത്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചാൽ മാത്രമേ സ്വർണ്ണവിലയിൽ ഇനി ഒരു കയറ്റമുണ്ടാവുകയുള്ളൂവെന്നാണ് അനുമാനം.
