രുചിവൈവിധ്യങ്ങളുടെ കലവറയാകാനൊരുങ്ങി മത്സ്യഫെഡ് ; ജില്ലയിൽ സീ ഫുഡ് റസ്റ്ററന്റും കോഫി ഷോപ്പുകളും തുറക്കുന്നു


കണ്ണൂർ :- മത്സ്യഫെഡ് ജില്ലയിൽ ആദ്യമായി മത്സ്യഫെഡ് സീ ഫുഡ് റസ്റ്ററന്റും കോഫി ഷോപ്പുകളും തുറക്കുന്നു. തലശ്ശേരി മഞ്ഞോടിയിൽ അടുത്തദിവസം സീ ഫുഡ് റസ്റ്ററന്റ് തുറക്കും. തലശ്ശേരി നഗരസഭയുടെ ഉടമസ്ഥതയിലുള്ള വാടക കെട്ടിടത്തിലാണ് റസ്റ്ററന്റ് പ്രവർത്തിക്കുക. ലഭ്യമാകുന്ന കടൽ മത്സ്യങ്ങളെല്ലാം വിഭവങ്ങളായി തീൻമേശയിൽ എത്തിക്കും. മത്സ്യവിഭവം മിതമായ നിരക്കിൽ ലഭ്യമാക്കും. ഞണ്ട്, കല്ലുമ്മക്കായ, ഇളംബക്ക, കൊഞ്ച് എന്നിവയുടെ വിൽപനയുമുണ്ടാകും. മഞ്ഞാടിയിലെ സീ ഫുഡ് റസ്റ്ററന്റിനു പുറമേ ആയിക്കര ഹാർബറിലും മാപ്പിള ബേയിലും കോഫി ഷോപ്പ് തുറക്കും. 

ആയിക്കരയിൽ ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ കെട്ടിടത്തിലും മാപ്പിള ബേയിൽ ഫിഷറീസ് വകുപ്പിൻ്റെ സ്‌ഥലത്തുമാണ് കോഫി ഷോപ്പുകൾ തുറക്കുക. സർക്കാർ നിയന്ത്രിത സ്ഥാപനമെന്ന നിലയിൽ സീ ഫുഡ് റസ്റ്ററന്റ് വലിയ ജന സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യഫെഡ് മാനേജ്മെന്റ്. നേരത്തേ തലസ്ഥാനത്ത് നടന്ന കേരളീയം പരിപാടിയുടെ ഭാഗമായി മത്സ്യഫെഡ് സീഫുഡ് സ്‌റ്റാളുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഒരു ദിവസം 2 ലക്ഷം രൂപയിലേറെ വിറ്റുവരവുണ്ടായി. 'മത്സ്യഫെഡ് എന്ന ബ്രാൻഡ് കൂടുതൽ ജനങ്ങളിൽ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് സീ ഫുഡ് റസ്‌റ്ററന്റ്. ഓൺലൈൻ മത്സ്യവിപണനം വിപുലമാക്കാനും പദ്ധതിയുണ്ട്.

Previous Post Next Post