ദോഹ :- ഖത്തറിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളുടെയും വിമാന സർവീസുകളിലെ തടസ്സങ്ങളുടെയും പശ്ചാത്തലത്തിൽ ഖത്തറിലുള്ള ഇന്ത്യൻ പൗരന്മാർക്ക് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി ഇന്ത്യൻ എംബസി. ഖത്തറിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ സഹായിക്കുന്നതിനായി എംബസി ആഴ്ചയിൽ എല്ലാ ദിവസവും പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
നിലവിൽ പാസ്‌പോർട്ട് സംബന്ധമായ അടിയന്തര സേവനങ്ങൾക്ക് മുൻഗണന നൽകികൊണ്ട് എംബസി ആഴ്ചയിൽ ഏഴ് ദിവസവും പ്രവർത്തിക്കുന്നുണ്ട്. പാസ്‌പോർട്ടുകൾ വേഗത്തിൽ നൽകുന്നതോടൊപ്പം തത്കാൽ പാസ്‌പോർട്ടുകൾ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ നൽകാനുള്ള ക്രമീകരണങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. വിമാനങ്ങൾ റദ്ദാക്കിയതിനെത്തുടർന്ന് ഖത്തറിൽ കുടുങ്ങിയ 500-ലധികം ഇന്ത്യക്കാർ കഴിഞ്ഞ ദിവസം ഖത്തർ എയർവേയ്‌സിന്റെ പ്രത്യേക വിമാനങ്ങളിൽ ഇന്ത്യയിലേക്ക് മടങ്ങി. മാർച്ച് 12-ന് ന്യൂഡൽഹിയിലേക്കും മുംബൈയിലേക്കും ഓരോ അധിക വിമാനങ്ങൾ കൂടി സർവീസ് നടത്തും.
ഹയ്യ A1 വിസയിൽ എത്തി വിമാന സർവീസുകൾ റദ്ദാക്കിയത് കാരണം കുടുങ്ങിപ്പോയ സന്ദർശകർക്കായി ഇന്ത്യൻ എംബസി പ്രത്യേക ഓൺലൈൻ രജിസ്‌ട്രേഷൻ ലിങ്ക് സ്ഥാപിച്ചിട്ടുണ്ട്. ഖത്തറിൽ കുടുങ്ങിപ്പോയവരുടെ എണ്ണം കണക്കാക്കി തുടർനടപടികൾ സ്വീകരിക്കുന്നതിനാണ് ഈ നടപടി. ഖത്തറിലെ വിസ കാലാവധി കഴിഞ്ഞവർക്ക് നിലവിൽ ഒരു മാസത്തെ ഇളവ് അധികൃതർ അനുവദിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ, ഖത്തർ വിടേണ്ടവർക്ക് സൽവ അതിർത്തി വഴി കരമാർഗ്ഗം സൗദി അറേബ്യയിലേക്ക് പോകാനുള്ള സൗകര്യം നിലവിലുണ്ടെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
