കൊച്ചി :- അനധികൃത ബോർഡുകളും കൊടിതോരണങ്ങളും മാർച്ച് 17 നകം നീക്കണമെന്ന് ഹൈക്കോടതി. ഉത്തരവ് പാലിക്കാത്ത തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർമാർ മാർച്ച് 18 ന് കേസ് പരിഗണിക്കുമ്പോൾ ഓൺലൈനായി ഹാജരായി വിശദീകരണം നൽകണം.
അനാസ്ഥ തുടർന്നാൽ നേരിട്ടു വിളിച്ചുവരുത്തുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുന്നറിയിപ്പു നൽകി. അനധികൃത ബോർഡുകൾ നീക്കുന്നതിന് സ്പെഷ്യൽ ഡ്രൈവ് നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നേരത്തെ ജോയിന്റ് ഡയറക്ടർമാർക്ക് നിർദേശം നൽകിയിരുന്നു. ഇതു പ്രകാരം തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ നടപടികൾ തൃപ്തികരമെന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഈ റിപ്പോർട്ട് കോടതി തള്ളി.
