പയ്യന്നൂർ :- പയ്യന്നൂർ വെള്ളൂരിൽ പ്രഭാത സവാരിക്കിടെ കാറിടിച്ച് മുൻ ബേങ്ക് മാനേജർക്ക് ദാരുണാന്ത്യം. റിട്ട. ജില്ലാ ബേങ്ക് മാനേജറായ വെള്ളൂർ സ്വദേശി വി.രാമചന്ദ്രൻ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ വെള്ളൂർ പുതിയങ്കാവ് റോഡിൽ വെച്ചായിരുന്നു അപകടം നടന്നത്. മുൻ സിപിഎം ജില്ലാ കമ്മിറ്റിയംഗം വി.കുഞ്ഞികൃഷ്ണന്റെ സഹോദരനാണ്. സാമൂഹിക-സഹകരണ മേഖലകളിലെ നിറസാന്നിധ്യമായിരുന്നു. കണ്ണൂർ ജില്ലാ സഹകരണ ബാങ്കിൽ 30 വർഷത്തിലധികം സേവനമനുഷ്ഠിച്ചിരുന്നു.
പയ്യന്നൂർ റൂറൽ ബാങ്കിലെ സേവനത്തിനു ശേഷം ജില്ലാ ബാങ്കിലും ജോലി ചെയ്തു. കാറമേൽ പ്രദേശത്ത് രൂപീകൃതമായ ഐക്യനാണയ സംഘത്തെ വെള്ളൂരിലേക്ക് കൊണ്ടുവരുന്നതിലും അതിനെ ഇന്നത്തെ വെള്ളൂർ സർവ്വീസ് സഹകരണ ബാങ്കായി വളർത്തുന്നതിലും നിർണായക പങ്കുവഹിച്ചു. ബാങ്കിൻ്റെ ആദ്യ ഡയറക്ടർ ബോർഡ് അംഗവും ഹോണററി സെക്രട്ടറിയുമായിരുന്നു.
വെള്ളൂർ ജവഹർ വായനശാലയുടെ സെക്രട്ടറിയായി പ്രവർത്തിച്ച സമയത്താണ് നാട്ടിലാദ്യമായി വായനശാലയിൽ റേഡിയോ എത്തിയത്. വെള്ളൂർ ജനതാ ചാരിറ്റബിൾ സൊസൈറ്റി, കോഴിവളർത്തൽ സഹകരണ സംഘം എന്നിവയുടെ ആദ്യകാല പ്രൊമോട്ടർ കൂടിയായിരുന്നു. പഴയ പാർട്ടി ലോക്കൽ കമ്മിറ്റിയിലും മണ്ഡലം കമ്മിറ്റിയിലും പ്രവർത്തിച്ചിട്ടുണ്ട്. വെള്ളൂരിലെ അടിപ്പാത്ര സമരരംഗത്തും സജീവമായിരുന്നു.
എടച്ചേരി കമ്മാര പൊതുവാളുടെയും വണ്ണാടിൽ ചിരിയകുഞ്ഞിയമ്മയുടെയും മകനാണ്.
ഭാര്യ : പി.ടി ജാനകി.
മക്കൾ: പി.ടി. ജയചന്ദ്രൻ (കാനഡയിലെ ബ്രൗൺസ്വിക്ക് യൂണിവേഴ്സിറ്റി സയൻ്റിസ്റ്റ്), അഡ്വ. പി.ടി സുധീർ കുമാർ (പയ്യന്നൂർ), പി.ടി ശ്രീലത (റിട്ട. അധ്യാപിക).
സിപിഎം നേതാവ് വി.നാരായണൻ, പരേതയായ മാധവി എന്നിവരാണ് മറ്റു സഹോദരങ്ങൾ.
