തിരുവനന്തപുരം :- അടുത്ത സാമ്പത്തിക വർഷം പുതുതായി കോംപോസിഷൻ സ്കീം തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന നികുതിദായകർ ഈ മാസം 31നു മുൻപ് ഓപ്ഷൻ നൽകണമെന്നു ജിഎസ്ടി വകുപ്പ് അറിയിച്ചു. നിലവിൽ കോംപോസിഷൻ സ്കീമിലുള്ളവർ ഇനി ഓപ്ഷൻ നൽകേണ്ട. അടുത്ത വർഷം മുതൽ തുടർസീരീസിലെ ഇൻവോയ്‌സുകളാണ് ഉപയോഗിക്കേണ്ടത്. 2017-18 മുതൽ 2025-26 വരെ ഏതെങ്കിലുമൊരു വർഷം ആകെ വാർഷിക വിറ്റുവരവ് 5 കോടി രൂപ കടന്നിട്ടുണ്ടെങ്കിൽ എല്ലാ ബിസിനസ് ടു ബിസിനസ് ഇടപാടുകളിലും ഇ- ഇൻവോയ്സിങ് ഉറപ്പാക്കണം. ഇല്ലെങ്കിൽ ഇൻപുട് ടാക്സ് ക്രെഡിറ്റിന് അർഹതയുണ്ടാകില്ല. ശിക്ഷാ നടപടികളും നേരിടണം.
ജിഎസ്ടിആർ 1/3 ബി റിട്ടേണുകൾ ഫയൽ ചെയ്യുന്നവർ ത്രൈമാസ റിട്ടേൺ ഫയലിങ് സ്കീമായ ക്യൂആർഎംപി ആദ്യ പാദം മുതൽ തന്നെ പ്രയോജനപ്പെടുത്താനുള്ള സൗകര്യം ഏപ്രിൽ 30 വരെ ജിഎസ്ടി പോർട്ടലിൽ ലഭ്യമാണ്. ഐജിഎസ്‌ടി അടയ്ക്കാതെ വിദേശത്തേക്കോ സെസ് യൂണിറ്റുകളിലേക്കോ കയറ്റുമതി ചെയ്യുന്നവർ ഓരോ സാമ്പത്തിക വർഷവും കയറ്റുമതിക്കു മുൻപ് ലെറ്റർ ഓഫ് അണ്ടർടേക്കിങ് ഫയൽ ചെയ്യണം. ഇതിനുള്ള സൗകര്യം ഏപ്രിൽ 1 മുതൽ ജിഎസ്‌ടി കോമൺ പോർട്ടലിൽ ലഭ്യമാക്കും.
ജിഎസ്ടി റജിസ്ട്രേഷനുള്ള ട്രാൻസ്പോർട്ട് ഏജൻസികൾ ഏപ്രിൽ 1 മുതൽ ജിഎസ്‌ടി ഫോർവേഡ് ചാർജായാണ് അടയ്ക്കുന്നതെങ്കിൽ അനുബന്ധം 5 ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ഈ മാസം 31 ആണ്. റിവേഴ്സ് ചാർജാണു തിരഞ്ഞെടുക്കുന്നതെങ്കിൽ അനുബന്ധം 6 ഫയൽ ചെയ്യണം. ഈ വർഷം ഹോട്ടൽ താമസ സേവനം നൽകുന്നവർ ഒരു മുറിക്ക് ഒരു ദിവസം 7500 രൂപയിൽ കൂടുതൽ തുക വാടകയിനത്തിൽ കൈപ്പറ്റിയിട്ടുണ്ടെങ്കിൽ അത്തരം സ്‌ഥാപനത്തിലെ റസ്‌റ്ററൻ്റ് സേവനത്തിന് ഏപ്രിൽ 1 മുതൽ 18% ജിഎസ്ടി അടയ്ക്കണമെന്നും ജിഎസ്‌ടി വകുപ്പ് അറിയിച്ചു.
