ചുട്ടുപൊള്ളുന്ന ചൂടിനൊപ്പം ഉയർന്ന അൾട്രാവയലറ്റ് സൂചികയും ; ജാഗ്രത വേണം


കണ്ണൂർ :- പൊള്ളുന്ന ചൂടിനൊപ്പം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കുന്ന അൾട്രാവയലറ്റ് രശ്മികളുടെ പ്രസരണവും വർധിക്കുന്നു. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വഗ്രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും കാരണമായേക്കാം. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ സ്റ്റേഷനുകളായ കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, മൂന്നാർ, ഒല്ലൂർ, തൃത്താല, പൊന്നാനി, മാനന്തവാടി തുടങ്ങിയ ഇടങ്ങളിൽ രണ്ടുദിവസമായി അൾട്രാവയലറ്റ് സൂചിക ഓറഞ്ച് അലർട്ട് കടന്നു. കോന്നി, മൂന്നാർ എന്നിവിടങ്ങളിൽ ഒൻപതും മറ്റിടങ്ങളിൽ എട്ട് വീതവുമാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. 

ബുധനാഴ്ച മൂന്നാറിൽ 10 വരെ എത്തിയിരുന്നു. എട്ടുമുതൽ 10 വരെ രേഖപ്പെടുത്തുമ്പോഴാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നത്. മാർച്ച് 4 മുതൽ തന്നെ ചിലയിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് വ്യാപകമായത് പത്തോടെയാണ്. കഴിഞ്ഞദിവസങ്ങളിൽ ഏതാനും ഇടങ്ങളിൽ വേനൽമഴ ലഭിച്ചെങ്കിലും പകൽ താപനില കുറയ്ക്കാൻ അതിനു സാധിച്ചിട്ടില്ല. ഇനിയുള്ള ദിവസങ്ങളിലും താപനില ഉയർന്നുതന്നെ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന. അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പം (ഹ്യുമിഡിറ്റി) അസ്വസ്ഥയോടെയുള്ള അന്തരീക്ഷസ്ഥിതിക്ക് കാരണമായേക്കാം.

സംസ്ഥാനത്ത് ചൂട് ഇത്തവണയും കടുക്കുമെന്നാണ് മാർച്ചിലെ താപനിലയിലുണ്ടായ വർധന നൽകുന്ന സൂചന. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണ്ണൂർ വിമാനത്താവളത്തിലെ സ്റ്റേഷനിൽ ബുധനാഴ്ച രേഖപ്പെടുത്തിയ 38.4 ഡിഗ്രി സെൽഷ്യസ് ഈ വേനലിലെ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനിലയായിരുന്നു. 101.12 ഡിഗ്രി ഫാരൻഹീറ്റ് ചൂടാണിത്. കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച ഈ വർഷത്തെ ആദ്യ ഉയർന്ന താപനില മുന്നറിയിപ്പും അതായിരുന്നു. 

വ്യാഴാഴ്ച അത് 0.2 പോയിന്റ് കുറഞ്ഞ് 38.2 ആയെങ്കിലും വരും ദിവസങ്ങളിൽ ഉയർന്ന് 40 ഡിഗ്രിയും കടന്നേക്കുമെന്നാണ് സൂചന. എന്നാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഫെബ്രുവരിയിൽ താപനില കുറവായിരുന്നു. ഇത്തവണ സംസ്ഥാനത്തെ ഉയർന്ന താപനില ശരാശരി 35 ഡിഗ്രി സെൽഷ്യസിനു മുകളിൽ പോയത് ഒരു ദിവസം മാത്രമാണ്. കഴിഞ്ഞ വർഷം ഏഴുദിവസവും 2024-ൽ 17 ദിവസവും ശക്തമായ ചൂട് അനുഭവപ്പെട്ടിരുന്നു.

Previous Post Next Post