കൊളച്ചേരി :- കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രത്തിന് സമീപത്തെ റോഡരികിൽ സ്കൂട്ടർ നാഥനില്ലാതെ കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളോളമായി. KL 13 Y 0071 രജിസ്ട്രേഷൻ നമ്പറിലുള്ള കറുപ്പ് നിറത്തിലുള്ള ആക്സസ് 125 സ്കൂട്ടറാണ് കഴിഞ്ഞ മൂന്ന് മാസത്തോളമായി വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുള്ളത്. റോഡരികിലെ കാടുമൂടിയ ഭാഗത്താണ് വാഹനം നിർത്തിയിട്ടിരിക്കുന്നത്. മാസങ്ങളോളം മഴയും വെയിലുമേറ്റ് കിടക്കുന്നതിനാൽ വാഹനത്തിന്റെ വിവിധ ഭാഗങ്ങളിൽ കാടുപടർന്ന് തുടങ്ങിയിട്ടുണ്ട്.
വാഹനം ആരുടേതാണെന്നോ, എന്തുകൊണ്ട് ഇവിടെ നിർത്തിയിട്ടിരിക്കുന്നു എന്നതിനെക്കുറിച്ചോ പ്രദേശവാസികൾക്ക് യാതൊരു വിവരവുമില്ല. അപകടങ്ങളിൽ പെട്ടതാണോ അതോ മറ്റേതെങ്കിലും കാരണത്താൽ ഉപേക്ഷിച്ചു കടന്നതാണോ എന്ന കാര്യത്തിൽ സംശയമുണ്ട്. ദീർഘനാളായി വാഹനം കിടക്കുന്നത് പ്രദേശവാസികൾക്ക് ആശങ്കയുണ്ടാക്കുന്നുണ്ട്. അധികൃതർ സ്ഥലത്തെത്തി വാഹനം പരിശോധിച്ച് ഉടമസ്ഥനെ കണ്ടെത്തണമെന്നും അടിയന്തരമായി റോഡരികിൽ നിന്ന് ഈ വാഹനം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
