കണ്ണൂർ :- വോട്ട് ചോദിച്ചെത്തിയ കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയോട് കണ്ണൂർ പോളി ടെക്നിക്കിലെ എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർത്ഥികൾ അപമര്യാദയായി പെരുമാറിയെന്ന് പരാതി. വോട്ടുചോദിക്കാൻ സമ്മതിക്കാതെ ബഹളം വെച്ചു എന്നാണ് യുഡിഎഫ് പ്രവർത്തകർ പറയുന്നത്. കൈയ്യാങ്കളിയുടെ വക്കോളമെത്തുന്ന അതിരൂക്ഷമായ വാക്കേറ്റമാണ് നടന്നത്. തോട്ടട ഗവൺമെൻ്റ് പോളിടെക്നിക് കോളേജിലാണ് സംഭവം.
സ്ഥാനാർഥി ടി.ഒ മോഹനൻ വോട്ട് അഭ്യർത്ഥിച്ച് സ്ഥാപനത്തിൽ എത്തുമെന്നറിഞ്ഞ് പ്രവർത്തകർ പ്ലക്കാർഡുമായി എത്തുകയായിരുന്നു. വയനാട് ഫണ്ട് മുക്കിയവർക്ക് ഇവിടെ സ്ഥാനമില്ല എന്നുൾപ്പെടെയുള്ള പ്ലാകാർഡുകളുമായാണ് എസ്എഫ്ഐ പ്രവർത്തകർ സ്ഥാനാർത്ഥിയെ തടഞ്ഞത്. ക്ലാസ് മുറികളിൽ കയറി വോട്ടുചോദിക്കാൻ ശ്രമിക്കുമ്പോൾ പിന്നാലെ ചെന്ന് തടസപ്പെടുത്തുകയും കളിയാക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.
