തിരുവനന്തപുരം :- തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് 10 വയസുകാരന് ദാരുണാന്ത്യം. അഞ്ചുതെങ്ങ് മാമ്പള്ളി നല്ലാംതിട്ടയിൽ വാൾട്ടർ- ബിജി ദമ്പതികളുടെ മകൻ ബിനോയ് (കുട്ടു ) ആണ് മരണപ്പെട്ടത്. സെൻ്റ് ജോസഫ് ഹയർ സെക്കണ്ടറി സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. അമ്മയ്ക്കും സഹോദരിക്കുമൊപ്പം മൊബൈൽ റിപ്പയർ ചെയ്യുവാനായി ആറ്റിങ്ങലിലേക്ക് പോകവേ, നിലയ്ക്കാമുക്ക് ചന്തയ്ക്ക് മുന്നിൽവച്ച് ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷ ഫുട്‌പാത്തിൽ ഇടിച്ചു കയറി മറിയുകയായിരുന്നു.
അപകടത്തിൽ ബിനോയ് വാഹനത്തിനടിയിൽ പെടുകയായിരുന്നു. തെരുവ് നായ കുറുക്ക് ചാടിയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. തുടർന്ന് മറ്റൊരു വാഹനത്തിൽ ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ബിനോയിയുടെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ അമ്മയ്ക്കും ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു. അഞ്ച്തെങ്ങ്, വക്കം, കടയ്ക്കാവൂർ പരിസരങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.
