തെന്നി നീങ്ങിയ ജീപ്പിന്റെ ടയറിനടിയിൽ കല്ല് വെയ്ക്കാൻ ശ്രമിക്കുന്നതിനിടെ ജീപ്പ് ദേഹത്തേക്ക് മറിഞ്ഞ് വയോധികൻ മരിച്ചു


കോഴിക്കോട് :- ജീപ്പ് തെന്നി നീങ്ങിയതിനെ തുടർന്ന്   ടയറിനടിയിൽ കല്ല് വെയ്ക്കാൻ ശ്രമിക്കുന്നതിനിടെ വാഹനം ദേഹത്തേക്ക് മറിഞ്ഞ് വയോധികൻ മരിച്ചു. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ തേക്കുംകുറ്റി സ്വദേശി പറമ്പാടൻ അലവിക്കുട്ടിയാണ് മരിച്ചത്. ഊരാളിക്കുന്ന് കൊളക്കാടൻമലയിൽ ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. കാരശ്ശേരി പഞ്ചായത്തിന്റെ മികച്ച കർഷകനുള്ള അവാർഡ് വാങ്ങിയിട്ടുള്ള അലവികുട്ടി, ഭാര്യക്കൊപ്പം കൊളക്കാടൻ മലയിലെ അവരുടെ കൃഷി സ്ഥലത്തേക്ക് പോയതായിരുന്നു. കൃഷിക്ക് ഉപയോഗിക്കാനായി ചാക്കിൽ വളം ഉൾപ്പെടെയായാണ് യാത്ര തിരിച്ചത്. 

കയറ്റത്തിൽ വച്ച് ജീപ്പ് പിറകിലേക്ക് നിരങ്ങിയപ്പോൾ അലവിക്കുട്ടി ഭാര്യയോട് വാഹനത്തിൽ നിന്നിറങ്ങി ടയറിന്റെ അടിയിൽ കല്ല് വെയ്ക്കാൻ പറഞ്ഞു. കല്ല് വച്ചിട്ടും ബ്രേക്ക് ലഭിക്കാതായതോടെ ഇദ്ദേഹം തന്നെ വണ്ടിയിൽ നിന്നിറങ്ങി മറ്റൊരു കല്ല് വയ്ക്കാൻ ശ്രമിച്ചു. എന്നാൽ ഇതിനിടെ ജീപ്പ് അലവിക്കുട്ടിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. ഭാര്യയുടെ ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തി ഇദ്ദേഹത്തെ പുറത്തെടുക്കുകയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ നഷ്‌ടമായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Previous Post Next Post