ദില്ലി :- രാജ്യത്തെ പലയിടങ്ങളിൽ നിന്നും ഒരാഴ്ചയ്ക്കിടെ ഭീകര സംഘടനകളുമായി ബന്ധമുള്ള 10ലധികം പേരെ അറസ്റ്റ് ചെയ്തു. പാക് ഭീകര സംഘടനകളുമായി ചേർന്ന് ഇന്ത്യയിൽ സ്ഫോടനത്തിന് പദ്ധതിയിട്ട 7 പേരെ ഇന്ന് അറസ്റ്റ് ചെയ്തു. അഞ്ച് പേരെ ദില്ലി പൊലീസും മൂന്ന് പേരെ പഞ്ചാബ് പൊലീസുമാണ് പിടികൂടിയത്. ദില്ലിയിൽ ഇവർ ടോയ് കാർ സ്ഫോടനത്തിന് പദ്ധതിയിട്ടെന്ന് പൊലീസ് പറയുന്നു.
മൊസാബ് അഹ്‌ദം, മുഹമ്മദ് ഹമദ് എന്നിവരെയാണ് ദില്ലി പൊലീസും മഹാരാഷ്ട്ര ഭീകര വിരുദ്ധ സേനയും ചേർന്ന് മുംബൈയിൽ നിന്ന് പിടികൂടിയത്. ജയ്ഷെ മുഹമ്മദ്, ഐഎസ് എന്നീ ഭീകര സംഘടനകളുമായി ഇവർക്ക് ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു. കളിപ്പാട്ട കാറിനുള്ളിൽ സ്ഫോടക വസ്‌തുക്കൾ ഒളിപ്പിച്ച് കടത്തി ആക്രമണം നടത്താനായിരുന്നു പദ്ധതി. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയാണ് ഇവർ ഭീകരവാദ ആശയങ്ങളിൽ ആകൃഷ്ടരായത്. മുംബൈയിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത കുട്ടികളും ഇവരുടെ സ്വാധീന വലയത്തിലുണ്ടെന്നാണ് 19 റിപ്പോർട്ടുകൾ.
ഇതിനിടെ, നേപ്പാൾ അതിർത്തി വഴി ആയുധം കടത്തിയ രണ്ടു പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്‌തു. ആയുധങ്ങളും കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. ഇമ്രാൻ, മുഹമ്മദ് കമ്രാൻ എന്നിവരാണ് പിടിയിലായത്. ബിഹാറിലെ നളന്ദയിൽ എൻഐഎയും ബിഹാർ എടിഎസും തിരച്ചിൽ നടത്തുകയാണ്. മൂന്നു പേരെ അറസ്റ്റ് ചെയ്തു. പാക് നിർമിത ഗ്രനേഡുകളും തോക്കുകളും കണ്ടെടുത്തു.
അതിനിടെ വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സ്റ്റേഷനുകൾ ലക്ഷ്യമിട്ട് നടത്താനിരുന്ന ഭീകരാക്രമണ പദ്ധതിയാണ് പഞ്ചാബ് പൊലീസ് പൊളിച്ചത്. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരവാദ സംഘത്തിലെ മൂന്ന് പേരെയാണ് പഞ്ചാബ് പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തത്. പാക് ഫാക്ടറിയുടെ മുദ്രയുള്ള ഗ്രനേഡ് ആണ് പിടിച്ചെടുത്തത്. പിടിയിലായവരിൽ ഒരാളെ ഗുജറാത്ത് ഭീകരവിരുദ്ധ സേനയുമായി ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെ അഹമ്മദാബാദിൽ നിന്നാണ് പിടികൂടിയത്.
