ശബരിമല :- മേടവിഷു ഉത്സവത്തിന് ശബരിമലയിൽ ഒരുക്കങ്ങളായി. വിഷുദിനമായ ബുധനാഴ്ച പുലർച്ചെ 4 മണിക്ക് നട തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി പ്രസാദ് നമ്പൂതിരി നട തുറന്ന് ദീപം തെളിക്കുന്നതോടെ തലേന്ന് രാത്രി ഒരുക്കിവെച്ചിരിക്കുന്ന വിഷുക്കണി ദൃശ്യമാകും. ഭഗവാനെ വിഷുക്കണി കാണിക്കുന്നു എന്നതാണ് സങ്കല്പം. തുടർന്ന് ഭക്തരെ കടത്തിവിടും. വിഷുക്കണിയുടെ പ്രഭയിൽ അയ്യപ്പനെ വണങ്ങി ഭക്തർ നീങ്ങും. രാവിലെ 7 മണി വരെയാണ് കണിദർശനം. 7 മണിക്ക് ശേഷം അഭിഷേകം തുടങ്ങും.
ഇക്കുറി മേടം രണ്ടിനാണ് വിഷു. മേടം ഒന്നിനാണ് ഇത്തവണത്തെ വിഷു എന്ന ധാരണയിൽ സന്നിധാനത്ത് എത്തുന്നവർ ഒരു ദിവസം കൂടി തങ്ങാൻ സാധ്യതയുണ്ടെന്ന നിഗമനം ദേവസ്വത്തിനും പോലീസിനുമുണ്ട്. അതിനാൽ തിരക്ക് നേരിടാനുള്ള ഒരുക്കം നടത്തുന്നുണ്ട്. വിഷുദിനത്തിൽ രാവിലെ 8 മണി മുതൽ 11 മണി വരെയാണ് നെയ്യഭിഷേകം. ഏപ്രിൽ 17 ന് സഹസ്രകലശപൂജയും 18-ന് സഹസ്രകലശാഭിഷേകവും നടക്കും. എല്ലാ ദിവസവും ഉദയാസ്തമയപൂജ, കളഭാഭിഷേകം, പടിപൂജ എന്നിവയുണ്ട്. വിഷു- മേടമാസ പൂജകൾ പൂർത്തിയാക്കി 18-ന് രാത്രി 10 മണിക്ക് നട അടയ്ക്കും. ദർശനത്തിന് വെർച്ചൽ ക്യൂ വെബ്സൈറ്റ് വഴി സ്ലോട്ട് ഉറപ്പാക്കണം.
