വിഷു ഉത്സവത്തിനൊരുങ്ങി ഗുരുവായൂർ ; വിഷുക്കണിദർശനം നാളെ പുലർച്ചെ 2.55 മുതൽ


ഗുരുവായൂർ :- ഗുരുവായൂർ ക്ഷേത്രത്തിൽ സമ്പൂർണ നെയ്‌വിളക്കോടെ വിഷു ആഘോഷിക്കും. വിഷുക്കണിദർശനം ഏപ്രിൽ 15 ന് പുലർച്ചെ 2.55 മുതൽ 3.55 വരെയാണ്. ഗുരുവായൂരപ്പൻ്റെ ശ്രീലകത്തും നമകാരമണ്ഡപത്തിലുമാണ് കണിയൊരുക്കുക. ഓട്ടുരുളിയിൽ ഉണക്കലരി, വെള്ളരി, ചക്ക, മാങ്ങ, കൊന്നപ്പൂവ്, ഗ്രന്ഥം, സ്വർണം, വസ്ത്രം, നാണയം, നാളികേരം എന്നിവയാണ് കണിയിനങ്ങൾ. മേൽശാന്തി പി.എം നാരായണൻ നമ്പൂതിരി ആദ്യം ഗുരുവായൂരപ്പന് കണികാണിച്ചാൽ ശ്രീലകം തുറന്നിടും.

തിരക്ക് കൂടുമെന്നതിനാൽ വി.ഐ.പിദർശനത്തിന് നിയന്ത്രണമുണ്ടാകും. നെയ് വിളക്ക് ശീട്ടാക്കുന്നവർക്കുള്ള ദർശനം രാവിലെ 7 മണിക്ക് ശേഷമേ അനുവദിക്കൂ. ദേവസ്വത്തിൻ്റെ നേതൃത്വത്തിൽ രാവിലെ കാഴ്ചശീവലിക്ക് മേളം ഗുരുവായൂർ ശശിമാരാരും വൈകീട്ടുള്ള മേളം കക്കാട് രാജപ്പൻ മാരാരും നയിക്കും. ഉച്ചപ്പൂജയ്ക്ക് ഗുരുവായൂരപ്പന് വി ശേഷപ്പെട്ട നമസ്കാരസദ്യയുണ്ടാകും. കാളൻ, എരിശ്ശേരി, വറുത്തുപ്പേരി, ഇടിച്ചുപിഴിഞ്ഞ പായസം തുടങ്ങിയവയാണ് വിഭവങ്ങൾ. ഭക്തർക്കുള്ള വിഷുസദ്യ രാവിലെ 10 മണിക്ക് ആരംഭിക്കും.

ക്ഷേത്രത്തിൽ വിഷു ദിവസം ദർശനം നടത്താൻ മുതിർന്ന പൗരൻമാർക്കും തദ്ദേശീയർക്കും ടോക്കൺ ഏർപ്പെടുത്തും. രണ്ടു വിഭാഗങ്ങളിലുമായി 500 വീതമാണ് അനുവദിക്കുക. തദ്ദേശീയർ പടിഞ്ഞാറേ ഗോപുരനട വഴിയും മുതിർന്ന പൗരൻമാർ ഭഗവതീക്ഷേത്രം കവാടം വഴിയുമാണ് പ്രവേശിക്കേണ്ടത്. അതതു സ്ഥലത്തുനിന്ന് ടോക്കൺ നൽകും. പുലർച്ചെ മൂന്നര മുതലാണ് ടോക്കൺവിതരണം. വി.ഐ.പികൾക്ക് പ്രത്യേകം ടോക്കണുകൾ നൽകാനും ദേവസ്വം തീരുമാനിച്ചിട്ടുണ്ട്. കിഴക്കേനട ദീപസ്തംഭത്തിനു മുന്നിൽ തൊഴുന്നതിന് വൺവേ ഏർപ്പെടുത്തും.

Previous Post Next Post