കൊച്ചി :- എറണാകുളം വല്ലാർപാടത്ത് 72കാരനായ അച്ഛനെ ക്രൂരമായി തല്ലിച്ചതച്ച മകൻ അറസ്റ്റിൽ. മദ്യലഹരിയിൽ അച്ഛനെ മർദിച്ച മകൻ പ്രവീണാണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ചയുണ്ടായ മർദനത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോട്ടറി വിൽപനക്കാരനാണ് മർദനമേറ്റ പുരുഷനെന്ന ആൾ. 44 വയസുള്ള മകൻ പ്രവീണാണ് പുരുഷനെ മർദിച്ചത്. എംഎ ബിരുദധാരിയായ പ്രവീൺ പതിവായി മദ്യപിച്ചെത്തി വീട്ടിൽ ബഹളമുണ്ടാക്കാറുണ്ട്. അച്ഛനെ മർദിച്ചതുമായി ബന്ധപ്പെട്ട് ആറോളം കേസുകൾ മുളവുകാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. കേസെടുക്കുന്ന സമയത്തെല്ലാം അച്ഛനും സഹോദരിയും കേസെടുക്കണ്ടെന്ന് ആവശ്യപ്പെട്ട് പ്രവീണിനെ കൊണ്ടുപോകാറാണ് പതിവ്.
ഇത് പതിവായപ്പോൾ പൊലീസ് ഇത് ആർഡിഒയ്ക്ക് റിപ്പോർട്ട് ചെയ്യുകയും ആർഡിഒ ഡി അഡിക്ഷൻ സെൻററിൽ ചികിത്സ തേടാൻ ആവശ്യപ്പെടുകയും ചെയ്തു. ചികിത്സ പൂർത്തിയാക്കിയ പ്രവീൺ മദ്യപാനം നിർത്തുകയും ചെയ്തിരുന്നു. അതിനിടെയാണ് സഹോദരിയും ഭർത്താവും വീട്ടിലേക്ക് താമസിക്കാനെത്തിയത്. ഇവർക്കുള്ള 3 സെന്റ് സ്ഥലത്തിൽ ഒന്നര സെന്റ് സഹോദരിക്ക് എഴുതിക്കൊടുത്തു. ഇതിൽ പ്രകോപിതനായ പ്രവീൺ മദ്യപിച്ചെത്തി അച്ഛനെ മർദിക്കുകയായിരുന്നു. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് വീണ്ടും പൊലീസ് ഇയാൾക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്‌തത്. നിലവിൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്
