മധ്യേഷ്യയിൽ സമാധാനം അകലുന്നതോടെ ഇന്ത്യൻ വിപണിയിൽ ഗൃഹോപകരണങ്ങൾക്കുള്ള വിലയും കൂടുന്നു. ഇറാൻ- അമേരിക്ക സംഘർഷത്തെത്തുടർന്ന് അസംസ്കൃത വസ്തുക്കളുടെ വില വർധിച്ചതാണ് വോൾട്ടാസ്, ബ്ലൂ സ്റ്റാർ, എൽജി തുടങ്ങിയ പ്രമുഖ കമ്പനികളെ വില വർധിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്. വിവിധ ഉപകരണങ്ങൾക്ക് 3 മുതൽ 15 ശതമാനം വരെ വില വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടതും ഇറാൻ തുറമുഖങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കപ്പലുകൾക്ക് മേൽ അമേരിക്ക നിയന്ത്രണം ഏർപ്പെടുത്തിയതുമാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്.
ക്രൂഡ് ഓയിൽ: രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലെത്തി.
ലോഹങ്ങളുടെ വില: ചെമ്പിന് 35 ശതമാനവും അലുമിനിയത്തിന് 29 ശതമാനവും വിലയാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ വർധിച്ചത്.
നിർമ്മാണ സാമഗ്രികൾ: ഗൃഹോപകരണ നിർമ്മാണത്തിന് അത്യാവശ്യമായ എച്ച്.ഡി.പി.ഇ വില മാർച്ചിൽ മാത്രം 46 ശതമാനമാണ് ഉയർന്നത്. രൂപയുടെ മൂല്യത്തകർച്ച: രൂപയുടെ മൂല്യം ഇടിയുന്നത് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന എസി ഘടകങ്ങളുടെ ചെലവ് വർധിപ്പിക്കുന്നു.
പ്രമുഖ ബ്രാൻഡുകളായ എൽജി, ഹിറ്റാച്ചി തുടങ്ങിയവർ എസികൾക്ക് മാർച്ചിൽ തന്നെ 5 മുതൽ 7 ശതമാനം വരെ വില വർധിപ്പിച്ചു. വിവിധ ഉപകരണങ്ങളുടെ ഏകദേശ വർധന ഇങ്ങനെ: പ്രതിസന്ധിയെത്തുടർന്ന് എയർ കണ്ടീഷണറുകളുടെയും റഫ്രിജറേറ്ററുകളുടെയും വിലയിൽ 5 ശതമാനം മുതൽ 15 ശതമാനം വരെയാണ് വർധനവ് ഉണ്ടായിരിക്കുന്നത്. വാഷിംഗ് മെഷീനുകൾ വാങ്ങുന്നവർക്ക് മുൻപത്തെക്കാൾ 3 ശതമാനം അധികം തുക ചിലവാക്കേണ്ടി വരും. വേനൽക്കാലത്ത് ഏറെ ഡിമാൻഡുള്ള ഫാനുകളുടെ വിലയിൽ ഏകദേശം 5 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. വാട്ടർ പ്യൂരിഫയറുകൾ, വാക്വം ക്ലീനറുകൾ, എയർ പ്യൂരിഫയറുകൾ എന്നിവയ്ക്ക് 5 മുതൽ 10 ശതമാനം വരെ വില വർധിച്ചു.
നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ 10 മുതൽ 15 ശതമാനം വരെ ഇനിയും വില വർധിപ്പിക്കേണ്ടി വരുമെന്ന് ബ്ലൂ സ്റ്റാർ മാനേജിംഗ് ഡയറക്‌ടർ ബി. ത്യാഗരാജൻ സൂചിപ്പിച്ചു. കമ്പനികളുടെ പക്കൽ നിലവിൽ 6 മുതൽ 8 ആഴ്‌ചത്തേക്കുള്ള സ്റ്റോക്ക് ഉള്ളതിനാൽ ഈ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ വലിയ ആഘാതം ഉണ്ടാകില്ല. എന്നാൽ 2026 ഏപ്രിൽ മുതൽ തുടങ്ങുന്ന പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ വില വർധനവ് ഉപഭോക്താക്കളെ പൂർണ്ണമായി ബാധിക്കുമെന്ന് വിദഗ്‌ധർ വിലയിരുത്തുന്നു.
