യാത്രക്കാർ വെള്ളവും ഭക്ഷണവും കരുതണം, ഇന്ധനം തീർന്ന് വാഹനം റോഡിൽ കുടുങ്ങിയാൽ പിഴ ; അവധിദിനങ്ങൾ കണക്കിലെടുത്ത് താമരശ്ശേരി ചുരത്തിൽ നിയന്ത്രണങ്ങളുമായി പോലീസ്


വയനാട് :- ഈസ്റ്റർ, മധ്യവേനലവധി കണക്കിലെടുത്ത് താമരശ്ശേരി ചുരത്തിൽ നിയന്ത്രണങ്ങളുമായി പൊലീസ്. അവധി ആഘോഷിക്കാൻ വയനാട്ടിലേക്കും കർണാടകയിലെ മൈസൂരുവിലേക്കും തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലേക്കും പോകുന്ന യാത്രക്കാരുടെ ബാഹുല്യം കാരണം കനത്ത ഗതാഗത കുരുക്ക് ഉണ്ടാകുമെന്നത് കണക്കിലെടുത്താണ് ചുരം റോഡിലെ ഗതാഗതത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്.

കൂടുതൽ വാഹനങ്ങൾ ചുരം വഴിയെത്താനുള്ള സാധ്യത മുൻനിർത്തി ഗതാഗതനിയന്ത്രണങ്ങൾക്കായി കൂടുതൽ പൊലീസിനെ വിന്യസിക്കും. കോഴിക്കോട് റൂറൽ എസ്‌പി ടി. ഫറാഷ് നിയന്ത്രണങ്ങൾക്ക് മേൽനോട്ടം വഹിക്കും. ഈസ്റ്റർ ദിനത്തിലോ തുടർന്ന് വരുന്ന അവധി ദിനങ്ങളിലോ ചുരത്തിൽ ഗതാഗത തടസ്സം ഉണ്ടായാൽ അടിയന്തരമായി ഇടപെടുന്നതിന് കൂടുതൽ മൊബൈൽ സ്ക്വാഡുകളെ രംഗത്തിറക്കിയിട്ടുണ്ട്.

ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

ചുരത്തിൽ തിരക്കേറിയ സമയങ്ങളിൽ ഭാരവാഹനങ്ങൾക്കുള്ള പ്രവേശനം നിയന്ത്രിക്കും. വാരാന്ത്യങ്ങളിലും അവധിക്കാലത്തും ചുരത്തിലെ പ്രത്യേക സാഹചര്യങ്ങൾ മനസിലാക്കാതെ ഗതാഗത നിയന്ത്രണങ്ങൾ തെറ്റിക്കാൻ പുറപ്പെട്ടാൽ അത്തരം വാഹനങ്ങളുടെ ഡ്രൈവർമാർക്കെതിരെ നടപടി എടുക്കും. ലൈൻ ട്രാഫിക് പാലിക്കാതെ കയറി വരുന്നവരാണ് പത്ത് മിനിറ്റ് കൊണ്ട് തീരേണ്ട ഗതാഗത തടസ്സം അര മണിക്കൂറും ചിലപ്പോൾ മണിക്കൂറുകളോളവും ഒക്കെ ആക്കി മാറ്റുന്നത്. 

വാരാന്ത്യത്തിൽ വയനാട്ടിൽ നിന്ന് കോഴിക്കോട് ജില്ലയിലെ ആശുപത്രികൾ, വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ ഇടങ്ങളിലേക്ക് പോകുന്നവർ ഗതാഗതക്കുരുക്കിലകപ്പെടാനുള്ള സാധ്യത മുൻകൂട്ടിക്കണ്ട് നേരത്തെ യാത്ര പുറപ്പെടണമെന്നും വെള്ളവും ഭക്ഷണവും കരുതണമെന്നും ചുരം സംരക്ഷണ സമിതി അറിയിച്ചു. ആവശ്യത്തിന് ഇന്ധനം വാഹനങ്ങളിൽ ഉണ്ടെന്ന് ഉറപ്പുവരുത്തി വേണം ചുരം കയറാനും ഇറങ്ങാനും. ഇന്ധനം തീർന്ന് വാഹനം ചുരം റോഡിൽ കുടുങ്ങിയാൽ പൊലീസ് പിഴയീടാക്കും. യാത്രക്കാർ ചുരം റോഡിൽ ഗതാഗത നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കണമെന്നും പൊലീസ് നിർദേശിച്ചു.

Previous Post Next Post