കോഴിക്കോട് :- കൊടുവള്ളിയിൽ നിന്നും വിനോദയാത്ര പോയ രണ്ട് വിദ്യാർത്ഥികൾ വയനാട്ടിലെ ബാവലി പുഴയിൽ മുങ്ങി മരിച്ചു. കൊയിലാണ്ടി സ്വദേശി ഷംസീറിന്റെ മകൻ അദിനാൻ(17), പതിമംഗലം അഷ്റഫിന്റെ മകൻ ആഷിഖ്(15) എന്നിവരാണ് മരിച്ചത്. കൊടുവള്ളി മസ്‌ജിദുൽ ഹസ്വ ഇശാ അത് സുന്ന ദർസ്സിലെ വിദ്യാർത്ഥികളായിരുന്നു ഇരുവരും. രണ്ട് ദിവസം മുമ്പ് ദർസ്സിൽ നിന്നും മൈസൂരുവിലേക്ക് വിനോദയാത്ര പോയതായിരുന്നു.
ഇന്ന് കൊടുവളളിയിലേക്ക് തിരികെ വരുന്നതിനിടയിൽ മാനന്തവാടി തിരുനെല്ലി ബാവലി മഖാം സന്ദർശിച്ചു. പിന്നീട് സമീപത്തെ ബാവലി പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. ഇവരുടെ സുഹൃത്ത് മുബഷീർ വെള്ളത്തിൽ മുങ്ങിപ്പോയപ്പോൾ നീന്തലറിയാവുന്ന ആഷിഖും, അദിനാനും രക്ഷിക്കാനായി ചാടുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന മറ്റു വിദ്യാർത്ഥികൾ പറഞ്ഞു.
തുടർന്ന് മുബഷീറിനെ രക്ഷപ്പെടുത്തിയെങ്കിലും ഇരുവരും മുങ്ങിപ്പോവുകയായിരുന്നു. പിന്നീട് നാട്ടുകാർ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും പുറത്തെടുത്ത്. ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
