ഇന്ത്യയിലെ ഗ്ലാസ് വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാക്കി യുദ്ധം ; മരുന്നുകുപ്പികൾ, ശീതളപാനീയ കുപ്പികൾ എന്നിവയ്ക്ക് കടുത്ത ക്ഷാമവും വിലക്കയറ്റവും


പശ്ചിമേഷ്യയിലെ യുദ്ധം ഇന്ത്യയിലെ ഗ്ലാസ് വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. രാജ്യത്തെ പ്രശസ്ത‌മായ 'ഗ്ലാസ് സിറ്റി' ആയ ഉത്തർപ്രദേശിലെ ഫിറോസാബാദിൽ ഇന്ധനക്ഷാമം മൂലം ഉൽപ്പാദനം പകുതിയായി കുറഞ്ഞു. ഇതോടെ മരുന്നുകുപ്പികൾ, ശീതളപാനീയ കുപ്പികൾ, ജാം ഭരണികൾ എന്നിവയ്ക്ക് വിപണിയിൽ കടുത്ത ക്ഷാമവും വിലക്കയറ്റവും അനുഭവപ്പെട്ടു തുടങ്ങി.

വേനൽ കടുക്കുമ്പോൾ കുപ്പികളില്ല ; പാനീയ വിപണി പ്രതിസന്ധിയിൽ

ചൂടുകാലം എത്തിയതോടെ ശീതളപാനീയങ്ങൾക്ക് ആവശ്യം വർധിച്ചിരിക്കുകയാണ്. എന്നാൽ പാനീയങ്ങൾ നിറയ്ക്കാനുള്ള ഗ്ലാസ് കുപ്പികൾ കിട്ടാനില്ലാത്ത അവസ്ഥയാണെന്ന് ബെംഗളൂരുവിലെ പ്രമുഖ സ്റ്റാർട്ടപ്പായ 'മോസൻ്റ് ക്രാഫ്റ്റ് കൊംബുച്ച'യുടെ സഹസ്ഥാപകൻ ശിശിർ സത്യൻ പറയുന്നു. കഴിഞ്ഞ ഒരു മാസമായി കുപ്പികൾക്കായി നെട്ടോട്ടമോടുകയാണെന്നും ഉൽപ്പാദനച്ചെലവ് കൂടിയതോടെ പരസ്യങ്ങളും ഡിസ്ക‌ൗണ്ടുകളും വെട്ടിക്കുറയ്ക്കേണ്ടി വന്നതായും അദ്ദേഹം വ്യക്തമാക്കി. മദ്യക്കുപ്പികൾ നിർമ്മിക്കുന്ന രാധികോ ഖൈതാൻ, ജാം ഭരണികൾ നിർമ്മിക്കുന്ന ടോപ്‌സ് തുടങ്ങിയ വൻകിട കമ്പനികളെയും പ്രതിസന്ധി ബാധിച്ചു. പെർഫ്യൂം, കോസ്മെറ്റിക്‌സ് മേഖലകളിൽ ജൂലൈയോടെ 20 മുതൽ 40 ശതമാനം വരെ വില വർധിക്കാൻ സാധ്യതയുണ്ട്.

ഫിറോസാബാദിലെ ചൂടേറിയ പുകക്കുഴലുകൾ അണയുന്നു

നാനൂറ് വർഷത്തെ പാരമ്പര്യമുള്ള ഫിറോസാബാദിലെ ഗ്ലാസ് വ്യവസായം പൂർണ്ണമായും പ്രകൃതിവാതകത്തെയാണ് ആശ്രയിക്കുന്നത്. താജ്‌മഹലിന് സമീപമായതിനാൽ കൽക്കരിയോ മറ്റ് മലിനീകരണമുണ്ടാക്കുന്ന ഇന്ധനങ്ങളോ ഇവിടെ ഉപയോഗിക്കാൻ അനുവാദമില്ല. 1500 ഡിഗ്രി സെൽഷ്യസിലാണ് ഇവിടുത്തെ ചൂളകൾ പ്രവർത്തിക്കുന്നത്. ഗ്യാസ് ലഭ്യത കുറഞ്ഞ് ചൂളകൾ ഒരിക്കൽ തണുത്തുപോയാൽ അത് വീണ്ടും പ്രവർത്തിപ്പിക്കാൻ കോടിക്കണക്കിന് രൂപ വേണ്ടിവരും. മാസങ്ങളോളം സമയവുമെടുക്കും. പ്രമുഖ നിർമ്മാതാക്കളായ ശ്രീ സീതാറാം ഗ്ലാസ് വർക്സ‌് ഉൽപ്പാദനം 50 ശതമാനമായി കുറച്ചു കഴിഞ്ഞു

ഗുജറാത്തിലും അസമിലും ഫാക്ടറികൾ പൂട്ടി

യുദ്ധം മൂലം ഇറക്കുമതി തടസപ്പെട്ടതോടെ ഗുജറാത്തിലെ മാർച്ച ഗ്ലാസ് തങ്ങളുടെ അഞ്ച് പ്രൊഡക്ഷൻ ലൈനുകളിൽ രണ്ടെണ്ണം അടച്ചുപൂട്ടി. അസമിലെ ഏക ഗ്ലാസ് നിർമ്മാണ യൂണിറ്റായ ഐക്കോണിക് ഗ്ലാസും പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. ഡാബർ ഉൾപ്പെടെയുള്ള വൻകിട കമ്പനികൾക്ക് മരുന്നുകുപ്പികൾ നൽകുന്നത് ഇവരാണ്.

ഇന്ത്യയുടെ പാചകവാതക ആവശ്യത്തിൻ്റെ 90 ശതമാനവും വരുന്നത് പശ്ചിമേഷ്യയിൽ നിന്നാണ്. ഹോർമുസ് കടലിടുക്ക് വഴിയുള്ള നീക്കം തടസപ്പെട്ടതാണ് വിനയായത്. അമേരിക്കയും ഇറാനും തമ്മിൽ നിലവിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത് എത്രത്തോളം നിലനിൽക്കുമെന്ന കാര്യത്തിൽ വ്യവസായികൾക്ക്  ആശങ്കയുണ്ട്. ഗ്ലാസ് വ്യവസായത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന 25 ലക്ഷം ജനങ്ങളുള്ള ഫിറോസാബാദിലെ ആയിരക്കണക്കിന് തൊഴിലാളികൾ ഇപ്പോൾ തൊഴിൽ നഷ്ടപ്പെടുമെന്ന ഭീതിയിലാണ്. യുദ്ധം നീണ്ടുപോയാൽ വിപണി സാധാരണ നിലയിലാകാൻ ഇനിയും മാസങ്ങൾ വേണ്ടിവരും.

Previous Post Next Post