തിരുവനന്തപുരം :- സംസ്ഥാനത്തെ ആശുപത്രികളിൽ ശസ്ത്രക്രിയാ പിഴവുകൾ ഒഴിവാക്കാൻ ആരോഗ്യ വകുപ്പ് മാർഗരേഖ പുറത്തിറക്കി. ശസ്ത്രക്രിയ ഉപകരണങ്ങൾ ശരീരത്തിനുള്ളിൽ മറന്നു വയ്ക്കുന്നത് ഉൾപ്പെടെയുള്ള പിഴവുകൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണു നടപടി. നിലവിലെ ശസ്ത്രക്രിയ മാർഗനിർദേശങ്ങൾ ക്രോഡീകരിച്ചാണു മാർഗരേഖ തയാറാക്കിയത്. എല്ലാ ശസ്ത്രക്രിയകൾക്കും ഈ മാർഗരേഖയായിരിക്കും അടിസ്ഥാനം. ലോകാരോഗ്യ സംഘടന, അമേരിക്കൻ കോളജ് ഓഫ് സർജൻസ്, റോയൽ കോളജ് ഓഫ് സർജൻസ് ഓഫ് ഇംഗ്ലണ്ട് തുടങ്ങിയ ഒട്ടേറെ സ്ഥാപനങ്ങളുടെ മാർഗനിർദേശങ്ങളാണു കേരളം വർഷങ്ങളായി പിന്തുടരുന്നത്. ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച മാർഗരേഖയിലും ഇവ ഉൾപ്പെടുത്തിയിട്ടുണ്ട്.
ശസ്ത്രക്രിയയ്ക്കു മുൻപ് ഡോക്ടറും നഴ്സും രോഗിയുടെ ഐപി നമ്പർ, കേസ് റെക്കോഡ് എന്നിവ പൂർത്തിയാക്കണം. വാർഡ് ഡോക്ടറും നഴ്സ് ഇൻ-ചാർജും പ്രീ ഓപ്പറേറ്റീവ് ചെക്ക് ലിസ്റ്റ് പൂരിപ്പിച്ച് ഒപ്പിടണം. തിയറ്ററിൻ്റെ ചുമതലയുള്ള നഴ്സിങ് ഓഫിസർ ഇതു വായിച്ച് ഒപ്പിടണം. ഇതിനുശേഷമേ രോഗിയെ തിയറ്ററിനുള്ളിലേക്കു പ്രവേശിപ്പിക്കാവൂ. ഇൻപേഷ്യന്റ് നമ്പർ ചേർത്ത, ശസ്ത്രക്രിയാ വിവരങ്ങൾ അടങ്ങിയ റിസ്‌റ്റ് ബാൻഡ് രോഗികളുടെ കയ്യിൽ ധരിപ്പിക്കണം.
ശസ്ത്രക്രിയയ്ക്കു മുൻപു തന്നെ ബാൻഡ് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം ഡോക്ടറാണു മാർക്ക് ചെയ്യേണ്ടത്. ഡോക്ടറിന്റെ പേരും സമയവും ഒപ്പും ഉണ്ടായിരിക്കണം. ശസ്ത്രക്രിയയ്ക്കു വിധേയരാകുന്നവർ നിലവിൽ കഴിക്കുന്ന മരുന്നുകളുടെ വിവരങ്ങൾ രേഖപ്പെടുത്തണം. അലർജി സംബന്ധിച്ച് വിശദാംശങ്ങളും ഉൾപ്പെടുത്തണം.
ആഭരണങ്ങൾ, നെയിൽ പോളിഷ്, ദന്തസംരക്ഷണ ഉപകരണങ്ങൾ, കോൺടാക്‌ട് ലെൻസ്, കേൾവി ശക്തിക്കുള്ള ഉപകരണങ്ങൾ എന്നിവ ഒഴിവാക്കണം. അനസ്തീസിയ ഡോക്ടർ, നഴ്‌സുമാർ എന്നിവർ ഉൾപ്പെടെയുള്ള ജീവനക്കാരോടു ചെയ്യാൻ പോകുന്ന ശസ്ത്രക്രിയയെ കുറിച്ച് ഡോക്ടർ വിശദമാക്കണം. തിയറ്ററിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല. ശസ്ത്രക്രിയയ്ക്കു മുൻപും ശേഷവും ഉപകരണങ്ങളുടെ കണക്കെടുപ്പു നടത്തണമെന്നും മാർഗ നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
