പഴയങ്ങാടി :- മാടായിപ്പാറയിൽ മാലിന്യം തളളുന്നതും വാഹനങ്ങൾ അതിക്രമിച്ചു കയറ്റുന്നതും തടയാനായി മുന്നറിയിപ്പ്, ബോധ വൽക്കരണ ബോർഡുകളുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുമ്പോഴും മാലിന്യം തളളുന്നതിനും കുറവില്ല. ബെർത്ഡേ പാർട്ടികളും മറ്റും മാടായിപ്പാറയിൽ ആഘോഷിക്കാനെത്തുന്നവരുടെ എണ്ണവും കൂടിവരുന്നു. ആഘോഷത്തിനു ശേഷം പ്ലാസ്‌റ്റിക് അലങ്കാര സാധനങ്ങൾ, കുപ്പികൾ, ഭക്ഷണാവശിഷ്ടങ്ങൾ എന്നിവ ഇവിടെ ഉപേക്ഷിച്ചാണ് പലരും സ്ഥലം വിടുന്നത്. ബെർത്ഡേ പാർട്ടികൾക്ക് നിരോധിത പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അലങ്കാര സാധനങ്ങളാണ് ഉപയോഗിക്കുന്നത്.
മാടായിപ്പാറയിൽ വിവിധ പരിപാടികൾക്കായി എത്തുന്ന സന്നദ്ധ സംഘടനകളും മറ്റും മുന്നറിയിപ്പ് ബോർഡുകൾ സ്‌ഥാപിക്കുന്നതു പതിവാണ്. ഇത്തരത്തിൽ റോഡിന് സമീപത്തായി നൂറോളം ബോർഡുകൾ സ്‌ഥാപിച്ചിട്ടുണ്ട്. മാടായിപ്പാറ ഉടമസ്ഥാവകാശമുളള ദേവസ്വം അധികൃതർ തന്നെ വിവിധ ഭാഗങ്ങളിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. എന്നിട്ടും മാലിന്യം തളളലിന് ഒരു കുറവുമില്ല. ആഘോഷത്തിനെത്തുന്നവരോട് മാലിന്യം തളളരുതെന്ന് പറയാൻ സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചാൽ ഒരു പരിധിവരെ പ്രശ്‌ന പരിഹാരമാകും. മുൻപ് മാടായിപ്പാറയിൽ ദേവസ്വം സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചിരുന്നു. കയ്യേറ്റങ്ങൾ തടയാനും ബോധവൽക്കരണം നൽകാനും അന്ന് സാധിച്ചിരുന്നു. ഇത് വീണ്ടും തുടരണമെന്നാണ് ആവശ്യം.
