സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമാണ് മലയാളികളുടെ വിഷു ആഘോഷം. പ്രതീക്ഷകളുടെയും നന്മയുടെയും തുടക്കം.സന്തോഷവും സമൃദ്ധിയും നിറയുന്ന നല്ല ഭാവിയുണ്ടാകാനായാണ് ഐശ്വര്യ പൂർണമായ വിഷുക്കണി നാം കാണുന്നത്. കണിയെന്നാൽ ആദ്യമായി കാണുന്ന കാഴ്ചയാണ്. വിഷുദിനത്തിൽ നാം ആദ്യമായി കാണുന്നത് സമൃദ്ധിയുടെ പ്രതീകമായി ഒരുക്കിയ കണിയാണ്. മനോഹരമായ ഒരു വിഷുക്കണി ഒരുക്കേണ്ടത് എങ്ങനെയെന്നു നോക്കാം.
വിഷുവിന് കണിയൊരുക്കുന്നതിന് മുൻപായി വീടിനകവും പരിസരവും വൃത്തിയാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. വീട്ടിലെ പൊട്ടിയ പാത്രങ്ങളും വിഗ്രഹങ്ങളും കീറിയ വസ്ത്രങ്ങളുമെല്ലാം ഒഴിവാക്കി പുതുമോടി കൊണ്ടുവരാം.തേച്ചുവൃത്തിയാക്കിയ നിലവിളക്ക്, ഓട്ടുരുളി, ഓട്ടുകിണ്ടി എന്നിവയാണ് കണിയൊരുക്കാൻ പ്രധാനമായും വേണ്ടത്. ഉണക്കലരി, നെല്ല്, നാളികേരം, കണി വെള്ളരി, ചക്ക, മാങ്ങ, കദളിപ്പഴം, വാൽക്കണ്ണാടി, ശ്രീകൃഷ്ണ വിഗ്രഹം, കണിക്കൊന്ന, കോടിമുണ്ട്, ഗ്രന്ഥം, സ്വർണം, നാണയങ്ങൾ, കുങ്കുമം, കൺമഷി, വെറ്റില, അടക്ക എന്നിവയെല്ലാം കണിവെക്കാറുണ്ട്.
സാധാരണനിലയിൽ വിഷുവിന്റെ തലേദിവസം രാത്രി വീട്ടിലെ മുതിർന്ന സ്ത്രീയുടെയോ കുടുംബ നാഥയുടെയോ നേതൃത്വത്തിലാണ് പൂജാമുറിയിലോ പ്രധാന മുറിയിലോ കണിയൊരുക്കുക.ഓട്ടുരുളിയിൽ ഉണക്കലരിയും നെല്ലും പകുതിയോളം നിറയ്ക്കണം. അതിൽ ഒരു നാളികേരമുറി വെക്കണം. തുടർന്ന് കണിവെള്ളരി വെക്കുക.
പിന്നീട് ചക്കയും നാളികേരവും മാങ്ങയും കദളിപ്പഴവും വെക്കണം. നാരങ്ങയും നെല്ലിക്കയും അങ്ങനെ സമൃദ്ധിയുടെ പ്രതീകമായി നിങ്ങൾ കാണുന്ന ഫലവർഗങ്ങൾ വെക്കാം.ഓട്ടുരുളിയുടെ നടുക്കായി വാൽക്കണ്ണാടി വെക്കാം. കണിക്കൊപ്പം സ്വന്തം മുഖവും കാണുന്നതിന് വേണ്ടിയാണിത്. ഇതിനെല്ലാം മുകളിലായി കണിക്കൊന്നപ്പൂക്കൾ വെക്കുക.
ഇതിനടുത്തുതന്നെ ശ്രീകൃഷ്ണ വിഗ്രഹവും വെക്കണം. അടുത്ത് നിലവിളക്കും വെക്കാം. തൊട്ടടുത്ത് ഒരു താലത്തിൽ കോടിമുണ്ട്, ഗ്രന്ഥം (രാമായണമോ, ഭഗവത്ഗീതയോ വെക്കാം) കുങ്കുമച്ചെപ്പ്, കൺമഷി എന്നിവ വെക്കുക.ഒപ്പം വെറ്റിലയിൽ നാണയത്തുട്ടും പാക്കും സ്വർണവും വെക്കണം. ഓട്ടുകിണ്ടിയിൽ വെള്ളം നിറച്ച് വെക്കണം. ഓരോ നാട്ടിലും ഇതിൽ ചില മാറ്റങ്ങളുണ്ടാവാം.
പുലർച്ചെ ബ്രാഹ്മമുഹൂർത്തത്തിലാണ് വിഷുക്കണി കാണേണ്ടത്. ഉറക്കമെഴുന്നേറ്റ് കണ്ണ് തുറക്കുമ്പോൾ ആദ്യം കണിയാണ് കാണേണ്ടത് എന്നതിനാൽ കണി കാണുന്നതിനായി കുളിക്കേണ്ടതില്ല.എന്നാൽ നിലവിളക്ക് കത്തിക്കുന്നയാൾ കുളിച്ച് ശുദ്ധിയായിരിക്കാൻ ശ്രദ്ധിക്കണം. കണി കണ്ടു കഴിഞ്ഞാൽ മുതിർന്നവർ ഇളമുറക്കാർക്ക് വിഷുക്കൈനീട്ടം നൽകും. സമ്പൽസമൃദ്ധി വരുംതലമുറയ്ക്കു കൂടി പങ്കുവെക്കുകയാണ് ഇതുവഴി.
