ദില്ലി :- ശക്തന്റെ തട്ടകത്തിൽ പൂരം ഉപചാരം ചൊല്ലിപ്പിരിഞ്ഞു. പകൽപ്പൂരത്തിന്റെ മേളം പൂർത്തിയാക്കി തിരുവമ്പാടിയും പാറമേക്കാവും പടിഞ്ഞാറേ നടയിലെത്തിയാണ് ഉപചാരം ചൊല്ലിപ്പിരിഞ്ഞത്. അടുത്ത കൊല്ലം ഏപ്രിൽ 17 നാണ് പൂരം. ആചാരപ്പെരുമയിൽ ദേശങ്ങൾ ഒന്നിച്ചപ്പോൾ 230 ആമത് പൂരത്തിന് പൗഢമായ പരിസമാപ്‌തി. പൂര ദിനം ലോകത്തിനായി സമർപ്പിക്കുമ്പോൾ പകൽപ്പൂര ദിനം ദേശത്തിനുള്ളതാണ്. കാലത്ത് ഏഴരയോടെ മണികണ്ഠനാലിൽ നിന്ന് പതിനഞ്ച് ആനകളുടെ അകമ്പടിയോടെ പാറമേക്കാവിലമ്മ എഴുന്നെള്ളി. എറണാകുളം ശിവകുമാർ തിടമ്പേറ്റി. കിഴക്കൂട്ട് അനിയൻമാരാർ മേളപ്രമാണിയായി. പത്തുമണിയോടെ ശ്രീമൂല സ്ഥാനം പന്തലിലേക്ക്. രണ്ടു മണിക്കൂർ നീണ്ട കൊട്ടിക്കലാശം.
നായ്ക്കനാലിൽ നിന്ന് തിരുവമ്പാടി ചന്ദ്രശേഖരന്റെ തിടമ്പിലേറി തിരുവമ്പാടി ഭഗവതി എഴുന്നെള്ളി. ചെറുശേരി കുട്ടൻ മാരാരുടെ മേള പ്രമാണം. പത്തുമണിയോടെ തിരുവമ്പാടിയും ശ്രീമൂല സ്ഥാനം പന്തലിലേക്ക്. ആദ്യം മേളം കലാശിച്ചത് പാറമേക്കാവ്. പടിഞ്ഞാറെ നടയിലേക്ക് ഭഗവതി എത്തി തിരുവമ്പാടിക്കായുള്ള കാത്തിരിപ്പ്. മേളം കലാശിച്ച് പടിഞ്ഞാറേ നടയിലേക്ക് എത്തിയ തിരുവമ്പാടി വടക്കുന്നാഥനെ വണങ്ങാൻ ക്ഷേത്ര അകത്തേക്ക് കയറി. പാറമേക്കാവ് നടുവിലാൽ ഗണപതിയെ വണങ്ങാനായി താഴേക്കും വന്നു. ഇരുഭഗവതിമാരും തിരിച്ചെത്തി പന്ത്രണ്ടരയോടെ ഇനി അടുത്ത കൊല്ലം കാണാമെന്ന് ഉപചാരം ചൊല്ലി പിരിഞ്ഞു
