കണ്ണൂര്‍:- മുന്‍ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും തളിപ്പറമ്പിലെ യുഡിഎഫ് പിന്തുണയുളള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ ടി കെ ഗോവിന്ദനെതിരെ അതിരൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തളിപ്പറമ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥിപി കെ ശ്യാമള ടീച്ചറുടെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ടി കെ ഗോവിന്ദന്‍ സ്ഥാനമോഹിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.സ്ഥാനമോഹം കൊണ്ട് എത്ര വലിയ ചെളികുണ്ടിലാണ് ഇയാൾ വീണതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവസരവാദത്തിന്റെ മൂർത്തിഭാവത്തെ കൂടെ നിർത്തുകയാണ് കോൺഗ്രസ് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു.
ഗോവിന്ദന്‍ അവസരവാദിയാണെന്നും വിശ്വാസ വഞ്ചനയ്ക്കും അപ്പുറമുളള പ്രവൃത്തിയാണ് ടി കെ ഗോവിന്ദന്‍ ചെയ്തതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പി കെ ശ്യാമള അനുഭവ സമ്പന്നയായ നേതാവാണെന്നും അവരെ വമ്പിച്ച ഭൂരിപക്ഷം നല്‍കി തളിപ്പറമ്പിലെ ജനങ്ങള്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ഏതൊരു രാഷ്ട്രീയക്കാരൻ്റെയുംനിലപാടുകള്‍ തെളിമയാര്‍ന്നതാവണ്ടേ? എല്‍ഡിഎഫിനോട് ഒരു നിമിഷംകൊണ്ടാണോ വ്യത്യസ്ത അഭിപ്രായം വരിക? എല്‍ഡിഎഫിന്റെ നയങ്ങളില്‍ വ്യത്യസ്തയുണ്ടെങ്കില്‍ ദീര്‍ഘകാലം മുന്നേ വേണ്ടേ? ഏതെങ്കിലും നയത്തോട് വ്യത്യസ്തത നേരത്തെ പറഞ്ഞിട്ടുണ്ടോ? അപ്പോള്‍ തനിക്ക് സീറ്റ് കിട്ടിയില്ല, ആ സീറ്റ് മോഹത്തിന് മേലെയുണ്ടാകുന്ന അവസരവാദ നിലപാടിനെയാണ് യുഡിഎഫ് ഏറ്റെടുത്തിട്ടുളളത്.
തളിപ്പറമ്പിന്റെ ധന്യമായ ചരിത്രം നിലനിര്‍ത്തിക്കൊണ്ട് സഖാവ് ശ്യാമള ടീച്ചറെ ഇവിടെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയത് ഈ മണ്ഡലത്തില്‍ നല്ല അംഗീകാരത്തോടെ ജയിച്ചുവരാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥിയെന്ന ധാരണയിലാണ്. വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച്, ദീര്‍ഘകാലത്തെ പ്രവര്‍ത്തന അനുഭവം ശ്യാമള ടീച്ചര്‍ക്കുണ്ട്. അതിന്റെ ഭാഗമായാണ് അവരെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയത്. ശ്യാമള ടീച്ചര്‍ക്ക് വമ്പിച്ച ഭൂരിപക്ഷം നല്‍കി നിയമസഭയിലേക്ക് തെരഞ്ഞെടുക്കുക. തളിപ്പറമ്പിന്റെ യശസ്സ് അതേരീതിയില്‍ നിലനിര്‍ത്തുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
