ആശകളും പ്രതീക്ഷകളും ബാക്കിവച്ച് ശ്രീനന്ദ മടങ്ങി ; സംസ്കാര ചടങ്ങുകൾ പൂർത്തിയായി


പാലക്കാട് :- ആശകളും പ്രതീക്ഷകളും ബാക്കിവച്ച്, പ്രിയപ്പെട്ടവരുടെ കണ്ണീരിനെ സാക്ഷിയാക്കി അവൾ യാത്രയായി. കർണാടകയിലെ ചിക്കമഗളൂരുവിൽ വിനോദയാത്രയ്ക്കിടെ കാണാതാവുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയുടെ സംസ്‌കാരം നടന്നു. ഐവർമഠം ശ്മശാനത്തിൽ ബന്ധുക്കളുടേയും നാട്ടുകാരുടേയും സാന്നിധ്യത്തിലാണ് സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കിയത്.

ശനിയാഴ്ച രാവിലെ പത്ത് മണിയോടെ കടമ്പഴിപ്പുറം കൊല്ലിയാനി കൂത്തറ വീട്ടിലെത്തിച്ച മൃതദേഹം അവസാനമായി ഒരുനോക്ക് കാണാൻ നാടൊന്നാകെ ഒഴുകിയെത്തി. ആയിരം പ്രതീക്ഷകളും സ്വപ്നങ്ങളും ബാക്കിവച്ചാണ് ആ പതിനഞ്ചുകാരി യാത്രയായത്. ആ കൊച്ചു മിടുക്കിയുടെ കളിചിരികൾ ഇനി കടമ്പഴിപ്പുറത്തിൻ്റെ മണ്ണിൽ ഓർമ്മമാത്രം. ഇന്നലെ ചിക്കമംഗളൂരുവിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം പാലക്കാട്ടെ വീട്ടിലെത്തിച്ചത്.

ഏപ്രിൽ നാലിനാണ് കടമ്പഴിപ്പുറത്തുനിന്ന് കർണാടകത്തിലേക്ക് അച്ഛനും അമ്മയുമുൾപ്പെടെയുള്ള 40 പേരോടൊപ്പം ശ്രീനന്ദ വിനോദയാത്രപോയത്. ഏഴിന് ഹംപി സന്ദർശിച്ചശേഷം വൈകിട്ട് മാണിക്യധാരയിലെത്തി. ചൊവ്വാഴ്ച‌ വൈകിട്ട് 5:20നും 5:30നും ഇടയിലുള്ള ആ പത്തു മിനിറ്റിലാണ് ഒരു നാടിന്റെയാകെ പ്രതീക്ഷയായ ആ പെൺകുട്ടിയെ കാണാതായത്. കുട്ടികൾക്കൊപ്പം ഫോട്ടോയെടുത്ത് മലമുകളിലേക്ക് കയറിയ ശ്രീനന്ദ, തിരിച്ചിറങ്ങുന്നതിനിടെ എവിടെയോ വെച്ച് അപ്രത്യക്ഷയാവുകയായിരുന്നു. ഉടൻ തന്നെ തിരച്ചിൽ ആരംഭിച്ചെങ്കിലും ദിവസങ്ങൾക്ക് ശേഷം മൃതദേഹം കണ്ടെത്തുകയായിരുന്നു.

ദുരന്തനിവാരണ സേനയും പൊലീസും വനംവകുപ്പും ഉൾപ്പെട്ട സംഘം മൃതദേഹം പുറത്തെത്തിച്ചു. ചിക്കമംഗളൂരു ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം പൂർത്തിയാ തലയുടെ വലതുഭാഗത്തേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിക്കുകളുണ്ട്. വീഴ്ചയുടെ ആഘാതത്തിൽ പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിലാണ്. മരണം വീഴ്ച മൂലമുണ്ടായതാണെന്നും പ്രാഥമിക പരിശോധനയിൽ അസ്വാഭാവികതയില്ലെന്നുമാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

Previous Post Next Post